‘ജലീലിന്റേത് പാക് അവകാശവാദത്തെ അടിവരയിടുന്ന നിലപാട്’; മാപ്പ് പറയണമെന്ന് വി ഡി സതീശന്‍

പാലക്കാട്:കെ ടി ജലീല്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശ താല്‍പര്യത്തിന് വിരുദ്ധമായ പ്രയോഗമാണ് ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ‘മനപൂര്‍വ്വം കരുതിക്കൂട്ടി പറഞ്ഞതാണെങ്കില്‍ ജലീല്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ്.

പാക് അധിനിവേശ കാശ്മീര്‍ എന്നാണ് നമ്മള്‍ എല്ലാ നയതന്ത്രവേദികളിലും, പുസ്തകങ്ങളിലും എല്ലാം പറയുന്നത്. അത് ആസാദ് കാശ്മീരാണ് എന്നുള്ള പാക്കിസ്ഥാന്റെ അവകാശവാദത്തിന് അടിവരയിടുന്ന നിലപാടാണ് ജലീല്‍ എടുത്തിരിക്കുന്നത്. അതുപോലെ നമ്മുടെ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീരെന്ന് ഒരു ഇന്ത്യക്കാരന് എങ്ങനെ വിളിക്കാന്‍ സാധിക്കും’, വി ഡി സതീശന്‍ ചോദിക്കുന്നു.

തന്റെ പരാമര്‍ശത്തെ വീണ്ടും ന്യായീകരിക്കുകയാണ് ജലീല്‍ ചെയ്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു. ‘ആസാദ് കാശ്മീര്‍ എന്നത് ക്വട്ടേഷനില്‍ ഇട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. ക്വട്ടേഷന്‍ ഇടാതെയും ആവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചപ്പോള്‍ വ്യക്തമായി. അറിവില്ലായ്മയാണോ, മനപൂര്‍വ്വം പറഞ്ഞതാണോ? നിരന്തരമായി വിവാദമുണ്ടാക്കി ശ്രദ്ധതിരിക്കുകയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ ചെയ്യുന്നത്. എകെജി സെന്ററില്‍ പടക്കം എറിഞ്ഞതും, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ഭരണാഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതും, കെ കെ രമയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇതും അത്തരമൊരു തന്ത്രമാണോ എന്ന് സംശയിക്കേണ്ടി വരും.

കെ ടി ജലീല്‍ തുടര്‍ച്ചയായി വിവാദമുണ്ടാക്കുകയാണ്. കേരളത്തിലെ ഒരു മാധ്യമത്തിനെതിരെ ഒരു വിദേശ ഭരണാധികാരിക്ക് കത്തെഴുതി. ഇതില്‍ മുഖ്യമന്ത്രി ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല’, വി ഡി സതീശന്‍ പറഞ്ഞു.

 

 

Top