സി.പി.ഐ.എം അംഗത്വത്തിനു വേണ്ടി ഒരു നേതാവും സമീപിച്ചില്ലന്ന് ജലീൽ !

സി.പി.എം അംഗത്വത്തിനു വേണ്ടി ഇതുവരെ ഒരു നേതാവും തന്നെ സമീപിച്ചിട്ടില്ലന്ന് ആദ്യമായി വെളിപ്പെടുത്തി കെ.ടി ജലീല്‍. അത് ആ പാര്‍ട്ടിയുടെ ഉന്നതമായ മഹത്വമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീലീഗിനെ തനിക്ക് ഭയമില്ലെന്നും മരിക്കേണ്ടി വന്നാല്‍ ‘ഷഹീദീന്റെ’ കൂലി കൂട്ടുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

മുസ്ലിം ലീഗിലെ ഭിന്നത കുഞ്ഞാലിക്കുട്ടിയില്‍ തുടങ്ങി കുട്ടികളുടെ സംഘടനയായ വനിതാ വിഭാഗത്തിലെ എംഎസ്എഫില്‍ വരെ എത്തി നില്‍ക്കുകയാണ്. എന്ത് തോന്നുന്നു?

മുസ്ലിം ലീഗില്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ഈ ഭിന്നാഭിപ്രായങ്ങള്‍ പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. ഒരുപാട് വര്‍ഷങ്ങളായി ലീഗില്‍ പാത്തും പതുങ്ങിയും കേട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനങ്ങളുടെ ഒരു ബഹിര്‍സ്ഫുരണമാണെന്നേ ലീഗ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളു. ഒരുതരം മാഫിയ, കച്ചവട, പലിശാധിഷ്ഠിത, സ്ത്രീവിരുദ്ധ മുഖം കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം ലീഗ് ഉണ്ടായ കാലം മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. സിഎച്ച് മുഹമ്മദ്കോയ സാഹിബും അതിനുശേഷം ബിവി അബ്ദുള്ള കോയ സാഹിബും അതും കഴിഞ്ഞ് കൊരമ്പയില്‍ അഹമ്മദ് ഹാജി സാഹിബിന്റെ അവസാനം വരെയും മുസ്ലിംലീഗ് അതിന്റെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.

സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പ്രാമുഖ്യം നല്‍കിയ നേതാവായിരുന്നു സിഎച്ച് മുഹമ്മദ് കോയ സാഹിബ്. മലപ്പുറത്ത് ഒക്കെ 1960-65 കാലയളവില്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു. 1967ല്‍ ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ മുസ്ലിംലീഗ് പങ്കാളിയായി. ഇഎംഎസ് മുഖ്യമന്ത്രിയും സിഎച്ച് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്താണ് മലപ്പുറം ജില്ലയില്‍ ഏറ്റവും അധികം സര്‍ക്കാര്‍ എയ്ഡഡ് ഹൈസ്‌കൂളുകള്‍ അനുവദിക്കപ്പെട്ടത്. അവിടെ നിന്നായിരുന്നു മുസ്ലിം വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തിന്റെ മഹാവിപ്ലവത്തിന്റെ തുടക്കം.

ഇഎംഎസ്സും സിഎച്ചും ഒന്നിച്ചു ചേര്‍ന്നാണ് ആ വിപ്ലവത്തിന് തുടക്കമിട്ടത്. പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം ഇന്ന് മറ്റു പല മതസമുദായങ്ങളിലും കൂടുതലാണെന്നതു പോലെ മുസ്ലിം കമ്മ്യൂണിറ്റിയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് സ്ത്രീകള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ തന്റേടത്തോടു കൂടി അഭിപ്രായം പറയാന്‍ കഴിയുന്നവരായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒരു പത്ര സമ്മേളനം നടത്തുമ്പോളുണ്ടാകുന്നതിനേക്കാള്‍ ക്ലാരിറ്റി കേള്‍ക്കുന്നവര്‍ക്ക് ഈ പെണ്‍കുട്ടികളായിട്ടുള്ള നേതാക്കന്മാരുടെ വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുക. വളരെ ക്ലാരിറ്റിയോടു കൂടി തീരുമാനിച്ചുറച്ച് കാര്യങ്ങള്‍ പറയുന്ന അവസ്ഥയിലേക്ക് മുസ്ലിം പെണ്‍കുട്ടികള്‍ മാറിയിട്ടുണ്ട്.

ഹരിത എന്നു പറയുന്ന എംഎസ്എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗത്തിനും അതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല. അവര്‍ രാജ്യത്തെ സ്ത്രീകളുടെ ശക്തമായിട്ടുള്ള മുന്നേറ്റം നടക്കുമ്പോള്‍ മുസ്ലിം സമുദായത്തിനിടയില്‍ കേരളത്തില്‍ വളരെ ശക്തമായ വിദ്യാഭ്യാസ വിപ്ലവം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ധാരയില്‍ നിന്ന് മാറി സഞ്ചരിക്കുവാന്‍ കഴിയുന്നവരല്ല. അവരൊക്കെ തന്നെ കോളജുകളില്‍ നല്ല കോഴ്സുകള്‍ക്ക് മികച്ച മാര്‍ക്ക് വാങ്ങി പഠിക്കുന്നവരാണ്. ഈ ശബ്ദം ഇനി ലീഗിന് തടുത്തു നിര്‍ത്താന്‍ കഴിയില്ല. എത്ര വലിയ ഇരുമ്പ് തടകെട്ടി തടുത്തു നിര്‍ത്താന്‍ ശ്രമിച്ചാലും ലീഗിന് അത് സാധിക്കുകയില്ല. ഒരു തരം മാഫിയ രാഷ്ട്ട്രീയം കുഞ്ഞാലിക്കുട്ടിയുടെ വരവോടു കൂടി ലീഗില്‍ രൂഢമൂലമായിട്ടുണ്ട്. എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നിട്ടുള്ള ഭീമമായ തട്ടിപ്പ് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തേതാണ്. ഡെപ്പോസിറ്റിലും അതുപോലെ തന്നെ ലോണ്‍ കൊടുക്കുന്ന കാര്യത്തിലും ഒരേ സമയം കോടികളുടെ തട്ടിപ്പ് നടന്നുവെന്നതാണ് അവിടെ നിന്ന് വരുന്ന അന്വേഷണ സംഘത്തിന്റെ റിപ്പാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അന്വേഷണ സംഘം സംസ്ഥാന രജിസ്ട്രാര്‍ക്ക് നല്‍കുന്നതോടെ കാര്യങ്ങളില്‍ കുറച്ചുകൂടെ വ്യക്തത കൈവരും.

അഴിമതിയിലൂടെ സംഘടിപ്പിച്ച മുസ്ലിംലീഗിന്റെ ഫണ്ടെന്നുള്ള രൂപത്തില്‍ ശേഖരിച്ച കോടിക്കണക്കിന് രൂപ ഫേക്ക് അക്കൗണ്ടുകളില്‍ എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിക്കുകയും അതിന്റെ പലിശ മുസ്ലിംലീഗിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നുള്ളതാണ് പുതിയ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ പൊളിറ്റിക്സ് എന്നു പറയുന്നത്. ഈ പണം ഉപയോഗപ്പെടുത്തിയാണ് തന്റെ എതിരാളികളെ അദ്ദേഹം ഒതുക്കികൊണ്ടിരിക്കുന്നത്. പല നേതാക്കളെയും അദ്ദേഹം വിലയ്ക്കെടുത്തുകൊണ്ടിരിക്കുന്നത്. അധ്വാനിച്ച പണമാകുമ്പോള്‍ സ്വാഭാവികമായും അതിന് ഒരു പരിധിയും പരിമിതിയുമുണ്ടാകും. ഇത് അങ്ങനെ അല്ല. ലീഗിന്റെ ഫണ്ട് മുഴുവന്‍ തന്റെ സ്വന്തക്കാരുടെ പേരില്‍ ഈ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പലിശ തുക ആ നിക്ഷേപത്തിന് തുല്യമാകുമ്പോള്‍ ഇത് ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. അതോടുകൂടി നേരത്തെയുള്ള മുതല്‍ സംഖ്യ ഇദ്ദേഹത്തിന്റെയായി മാറും, അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ബിനാമികളുടെ ആയി മാറും. അങ്ങനെ കേരളത്തിലും ഇന്ത്യയിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത തരത്തിലുള്ള മാഫിയവത്കൃത രൂപത്തിലാണ് ലീഗ് രാഷ്ട്രീയത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇത് പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യത്തില്‍ ശക്തമായിട്ടുള്ള ഇടപെടല്‍ നടത്തുമെന്നാണ് കരുതുന്നത്.

ലീഗില്‍ ഒരു തലമുറമാറ്റം ഉണ്ടാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ലീഗില്‍ തലമുറമാറ്റം അനിവാര്യമാണ്. ഈ പഴയ കാളകളെയും കൊണ്ട് പൂട്ടിനിറങ്ങിയാല്‍, ഓടാനിറങ്ങിയാല്‍ എവിടെയും അത് എത്തില്ല. ഈ കാളകളെയൊക്കെ മാറ്റിക്കെട്ടണം. സാധാരണ ലീഗ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതാണത്. ആ ആഗ്രഹത്തിന്റെ സഫലീകരണം ഇത്തവണ നടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ ലീഗ് അകപ്പെട്ടിരിക്കുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് ലീഗിന് അങ്ങനെ പെട്ടെന്ന് കരകയറാന്‍ സാധിക്കില്ല. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായിട്ട് വരും. കുഞ്ഞാലിക്കുട്ടി ഇതുവരെ അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധിയെന്നു പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രശ്നങ്ങളുമയി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിനെയൊക്കെ അതിജീവിക്കാന്‍ ആര്‍ക്കും കഴിയും.

എന്നാല്‍, ഈ സാമ്പത്തിക തട്ടിപ്പിനെ പെട്ടെന്ന് അതിജീവിക്കാന്‍ സാധിക്കില്ല. അതിന് കൃത്യമായ രേഖകളുള്ളതാണ്. അതില്‍ കൃത്രിമം നടത്താന്‍ കഴിയില്ല. എല്ലാ അന്വേഷണ വിഭാഗവും ഇപ്പോള്‍ ജാഗരൂഗമാണ്. സര്‍ക്കാറിന്റെ എല്ലാ അന്വേഷണ വിഭാഗവും അതുപോലെ തന്നെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളും വളരെ അലേര്‍ട്ടാണ്. അതുകൊണ്ടു തന്നെ ഇതില്‍ നിന്ന് മറ്റു പല വ്യക്തിപരമായ ആക്ഷേപങ്ങളില്‍ നിന്ന് തടിതപ്പിയതുപോലെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായിട്ട് വരും.

കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിടുന്നത് മുന്‍പ് വേട്ടയാടിയതിലുള്ള മധുര പ്രതികാരമാണോ?

അതുമാത്രമല്ല, അദ്ദേഹത്തിന്റെ ഈ ക്രിമിനല്‍ പൊളിറ്റിക്സിനെകുറിച്ച് തനിക്ക് വിവരം ലഭിക്കുന്നത് സമീപകാലത്താണ്. എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗിന്റെ താന്‍ ബഹുമാനിക്കുന്ന പ്രവര്‍ത്തകര്‍ ഇവരാണ് തന്നോട്ട് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഇത് ഏറ്റെടുക്കേണ്ട വിഷയമാണെന്ന് തനിക്ക് തോന്നി. മറ്റെല്ലാ കുറ്റങ്ങളും രാഷ്ട്രീയത്തില്‍ പൊറുക്കാവുന്നതാണ്. എന്നാല്‍ സാമ്പത്തിക അഴിമതി പൊറുത്തുകൊടുക്കാന്‍ കഴിയുന്നതല്ല. അത് ഈ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും അവകാശപ്പെട്ട സ്വത്താണ്. ആ നിലയിക്കാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരേണ്ടത് ഒരു പൗരനെന്ന നിലയില്‍ എന്റെ ബാധ്യതയും കടമയുമാണെന്ന് കരുതിയത്.

ലീഗിനെതിരെ സംസാരിച്ചതുകൊണ്ട് ഭീഷണി വരെ ഉണ്ടായിട്ടുണ്ടല്ലോ? ഇതിനെ ഭയക്കുന്നുണ്ടോ?

ഒരിക്കലുമില്ല, എപ്പോഴാണെങ്കിലും മരിക്കണം. അത് ഒരു നല്ല കാര്യം ചെയ്ത് മരിക്കുന്നുവെങ്കില്‍ ഷഹീദ്(രക്തസാക്ഷിത്വം) ന്റെ കൂലി കിട്ടുമെന്നാണ് താന്‍ കരുതുന്നത്. രക്തസാക്ഷികള്‍ വിചാരണ പോലും കൂടാതെ നേരെ സ്വര്‍ഗത്തില്‍ കടക്കുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ഈ സാമ്പത്തിക തട്ടിപ്പിനെതിരെയുള്ള പോരാട്ടം ഒരു ജിഹാദായിട്ടാണ് ഞാന്‍ കരുതുന്നത്. അതില്‍ രക്ത സാക്ഷിത്വം വരിക്കേണ്ടി വന്നാല്‍ അത് അഭിമാനമായി ഞാന്‍ കാണും.

മലപ്പുറത്തെ ഇടതു പക്ഷത്തിന്റെ ഭാവി യഥാര്‍ത്ഥത്തില്‍ എന്താണ്?

മുസ്ലിം ജനവിഭാഗത്തെ മുസ്ലിംലീഗ് ഇടതുപക്ഷത്ത് ചേരാതിരിക്കാനുള്ള വലിയ ചിറകെട്ടി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഒരു മുസ്ലിമിന് ഇടതുപക്ഷവുമായി സഹകരിക്കാന്‍ വിശ്വാസപരമായി കഴിയില്ല. അങ്ങനെ ആരെങ്കിലും സഹകരിക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് അവര്‍ പിന്മാറണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസിന് സ്ഥലം കൊടുക്കുന്നതും കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതു പോലും ശരിയായിട്ടുള്ള കാര്യമല്ലെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു. അങ്ങനെ ആരെങ്കിലും വാടയ്ക്ക് കൊടുത്ത് ആ കാശ് വാങ്ങിയാല്‍ അത് നരകാഗ്‌നി ഭക്ഷിക്കുന്നതു പോലെയാണെന്ന തരത്തിലുള്ള തെറ്റിധാരണകള്‍ സാധാരണക്കാരിലേക്ക് പടര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇതിനൊക്കെ എതിരായി നല്ലൊരു വികാരം വളര്‍ന്നുവരുന്നുണ്ട്. ലീഗ് ഒരു തരം താലിബാനിസമാണ് ഇവിടെ പല കാര്യങ്ങളിലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരായി ശക്തമായ എതിര്‍പ്പ് ഉയരുന്നതിന്റെ ലക്ഷണമാണ് പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഒരു സമൂഹം അല്ലെങ്കില്‍ ഒരു പാര്‍ട്ടി മികച്ചതാണോയെന്ന് മാറ്റുരയ്ക്കുന്ന ഘടകമാണ് ആ പാര്‍ട്ടി സ്ത്രീ സമൂഹത്തോട് ഏത് തരത്തിലുള്ള സമീപനം സ്വീകരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്. പ്രവാചകന്‍ മുഹമ്മദ് നബി ഒരിക്കല്‍ പറഞ്ഞു…”ഒരു ജനതയുടെ സംസ്‌കാരം മനസിലാക്കണമെങ്കില്‍ ആ ജനത സ്ത്രീ സമൂഹത്തോട് എങ്ങനെ പെരുമാറുന്നു എന്ന് മനസിലാക്കിയാല്‍ മതിയെന്ന്…” പ്രവാചകന്റെ ആ വടനം വച്ച് അളന്നാല്‍ കേരളത്തില്‍ റേറ്റിങ്ങില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പാര്‍ട്ടി ഏതാവും… ആ പാര്‍ട്ടി ഏതെന്ന് വര്‍ത്തമാന സാഹചര്യത്തില്‍ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ഈ ഒരു പതനത്തിലേക്ക് മുസ്ലിംലീഗിനെ എത്തിച്ചതില്‍ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള റോള് ചെറുതല്ല. സ്ത്രീകളെ ഒരു തരത്തിലും ഉയര്‍ന്നുവരാന്‍ സമ്മതിക്കാതെ പുരുഷന്മാര്‍ പറയുന്ന അഭിപ്രായങ്ങള്‍ കേട്ട് നില്‍ക്കേണ്ടവരാണ് അവരെന്നുള്ള ധാരണയില്‍ വളര്‍ത്തികൊണ്ടു വരുന്ന, ഒരു തരം പുരുഷാധിപത്യ മനോഭാവം ഉള്ളിന്റെ ഉള്ളിലും പുറത്തുമൊക്കെ സ്വീകരിക്കുന്നവര്‍ക്ക് മാത്രം കഴിയുന്നതാണ്. അത് എക്കാലവും നിലനില്‍ക്കുമെന്ന് ആരും കരുതേണ്ടതില്ല. അത് എതിര്‍പ്പുകള്‍ക്ക് കാരണമാകും പിന്നീട് ആ എതിര്‍പ്പുകള്‍ ആളിപ്പടരും. അത് വലിയ അഗ്‌നികുണ്ഠമായി മാറും. ഇത്തരത്തിലുള്ള മനോഭാവക്കാര്‍ ആശയപരമായി ചുട്ടെരിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇടതുപക്ഷ സ്വതന്ത്രരായി താങ്കളുള്‍പ്പെടെ നാല് എംഎല്‍എമാരാണ് നിലവിലുള്ളത്. ഇടതുപക്ഷത്തു തന്നെ ഒരു പുതിയ രാഷ്ട്രീയ ചേരിയായി ഇതുമാറുമോ?

ഞങ്ങളെയൊക്കെ ഇടതുപക്ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്തി ജയിച്ചു വന്നിട്ടുള്ളവരാണ്. സിപിഐഎം ആണ് ഞങ്ങളെയെല്ലാവരെയും നിര്‍ത്തിയത്. ഞങ്ങളൊക്കെ സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളാണ്. സ്വതന്ത്രന്മാരായിട്ടുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇടതുപക്ഷധാരയോട് ഐക്യപ്പെട്ടുപോകാന്‍ താല്‍പര്യമുള്ളവരെ കൂടെ നിര്‍ത്തുന്നുവെന്നുള്ളത് സിപിഐഎം ചെയ്യുന്ന മറ്റൊരു വലിയ കാര്യമാണ്. പാര്‍ട്ടിയില്‍ അംഗത്വം എന്ന പിടിവാശിയ്ക്ക് നില്‍ക്കാതെ ആളുകളെ കൂട്ടിപ്പിടിച്ച് മുന്നോട്ടുപോകുന്നുവെന്നുളളത് ആശാവഹമാണ്. മുസ്ലിംലീഗില്‍ ഇപ്പോള്‍ നടക്കുന്ന വിപ്ലവം വിജയിത്തിലെത്തുമ്പോള്‍ എന്നെ പോലെയുള്ള ആളുകള്‍ ഇത്തരം ചിന്താധാരയോട് ഐക്യം പ്രകടിപ്പിച്ച് കടന്നുവരാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ…

എന്തുകൊണ്ടാണ് താങ്കള്‍ സിപിഐഎം അംഗത്വത്തിന് ശ്രമിക്കാത്തത്?

ഇന്നുവരെ സിപിഐഎമ്മിന്റെ ഒരു നേതാവും തന്നോട് അങ്ങനെ പറഞ്ഞിട്ടില്ല. അതാണ് സിപിഐഎമ്മില്‍ താന്‍ കാണുന്ന ഏറ്റവും വലിയ മഹത്വം. രേഖകളില്‍ ഒപ്പിടണം, പ്രമാണങ്ങളില്‍ ഒപ്പു ചാര്‍ത്തണം എന്നൊക്കെയാണല്ലോ നമ്മളുടെയൊക്കെ വീടുകളില്‍ പോലുമുള്ള അഭിപ്രായം. അങ്ങനെയൊന്നുമില്ലാതെ സിപിഐഎം ഞങ്ങളെ പോലെയുള്ള ആളുകളെ ഉള്‍ക്കൊള്ളുന്നത് ആ പാര്‍ട്ടി മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്രമാത്രം വ്യത്യസ്തമാണെന്നതിന് തെളിവാണ്. കോണ്‍ഗ്രസു പോലും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ എത്രമാത്രം പ്രയാസപ്പെടുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് അവരുടെ ചിഹ്നം വേണമെന്ന് ശാഠ്യം പിടിക്കും. സിപിഐഎം അങ്ങനെ ഒരു ശാഠ്യം പിടിച്ചാല്‍ ഞങ്ങളില്‍ പലരും അത് അംഗീകരിക്കും. എന്നാല്‍, ആ ശാഠ്യത്തിന് മുതിരാതെ ഈ നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുന്ന വോട്ട് സിപിഐഎമ്മിന്റെ പട്ടികയില്‍ ചേര്‍ക്കപ്പെടുകയില്ലെന്നറിഞ്ഞിട്ടും ഔദ്യോഗികമായി ഞങ്ങള്‍ അംഗങ്ങളായി ജയിച്ചുവരുന്നവരുടെ എണ്ണം പോലും സിപിഐഎമ്മിന്റെ ഒഫിഷ്യല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ എണ്ണപ്പെടുകയില്ലെന്ന് മനസിലാക്കിയിട്ടും ഞങ്ങളെപ്പോലുള്ളവരെ ഉള്‍ക്കൊള്ളുന്നുവെന്നത് പ്രശംസനീയമാണ് , മാതൃകാപരമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും ഇത്തരം ഒരു കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല.

സിപിഎമ്മിനോടുള്ള മുസ്ലിം സമുദായത്തിന്റെ നിലവിലെ സമീപനം എങ്ങനെയാണ്?

മുസ്ലിംലീഗില്‍ ആളുകള്‍ അണിനിരക്കുന്നത് എല്ലാ മേഖലയിലും മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരണം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഉറപ്പുവരുത്താന്‍ ലീഗിന് കഴിയും. ആ ഉറപ്പ് പാലിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചാല്‍ ലീഗിന് പ്രസക്തിയേ ഉണ്ടാവില്ല. ലീഗ് ഇപ്പോള്‍ നിലനില്‍ക്കുന്നത് മുസ്ലിം സമുദായത്തിന് എല്ലാ മേഖലയിലും പ്രാതിനിധ്യം വേണമെന്നതിലുറച്ചാണ്. അത് ഉണ്ടാവാന്‍ ലീഗ് നിലനിന്നേ പറ്റുവെന്ന വാദഗതിയുടെ അടിസ്ഥാനത്തിലാണ്. ആ കാര്യം നിവര്‍ത്തിക്കാന്‍ സിപിഎഎമ്മിന് കഴിയുന്നുവെന്നുള്ളത് മുസ്ലിം സമുദായത്തിനെ സിപിഐഎമ്മിനോട് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്. തെക്ക് ഭാഗത്ത് നിന്നും മുസ്ലിം ജനപ്രതിനിധികള്‍ ജയിച്ചുവരുന്നത് വളരെ വിരളമായിട്ടേ മുന്‍പ് ഉണ്ടായിരുന്നുള്ളു. എന്നാല്‍, സിപിഐഎം കാര്യങ്ങളുടെ ഗൗരവവും നിജസ്ഥിതിയും മനസിലാക്കി എല്ലാ വിഭാഗം ആളുകളെയും പരിഗണിക്കുന്നു. എല്ലാ പാര്‍ശ്വവത്കൃത ജനതയെയും കണ്ണുമിഴിച്ച് കാണുന്നു. എവരുടെ വേദനകള്‍ ഉള്‍ക്കൊള്ളുന്നു. അവര്‍ക്ക് എല്ലാ രംഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കുന്നു.

ആരും അവഗണിക്കപ്പെടുന്നുവെന്നുള്ള തോന്നല്‍ ഉണ്ടാവാതെ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. മുസ്ലിംങ്ങളാണ് ന്യൂനപക്ഷ വിഭാഗം. വര്‍ത്തമാനകാലത്ത് കേന്ദ്ര ബിജെപി ഭരണത്തിന്‍കീഴില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ബുദ്ധിമുട്ടുകള്‍, സ്വത്ത് പ്രതിസന്ധി, ഇതിലൊക്കെ തന്നെ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഐഎം മുസ്ലിം പക്ഷത്ത് നില്‍ക്കുന്നു. അവര്‍ക്ക് സമാശ്വാസത്തിന്റെ തണലേകുന്നു. നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഞങ്ങളുണ്ടെന്നുളള വികാരം അവരിലുണ്ടാക്കുന്നു. നിങ്ങളങ്ങനെ ആട്ടിയോടിക്കപ്പെടുകയോ രാജ്യംവിട്ട് പോകേണ്ടി വരികയോ ഉണ്ടാവില്ലെന്ന ഉറപ്പ് നല്‍കുന്നു. ഇതുതന്നെയാണ് മുസ്ലിം ജനത ഏതൊരു പാര്‍ട്ടിയില്‍ നിന്നും ആഗ്രഹിക്കുന്നത്. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്നുവെന്ന് സിപിഐഎമ്മിനോട് ഇതുവരെയുണ്ടായിരുന്ന അകലിച്ച മാറ്റി അടുത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് പ്രചോദനമാകുന്നുണ്ട്.

മലപ്പുറവും ചുവക്കുന്ന ഒരു നാള്‍ താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?

2006 ലെ തെരഞ്ഞെടുപ്പില്‍ ആകെ 12 സീറ്റാണ് ഉണ്ടായിരുന്നത്. അതില്‍ അഞ്ച് സീറ്റ് സിപിഐഎമ്മും അഞ്ച് സീറ്റ് മുസ്ലിംലീഗും രണ്ട് സീറ്റ് കോണ്‍ഗ്രസുമാണ് നേടിയത്. ലീഗിന്റെ അതേ സീറ്റ് മലപ്പുറം ജില്ലയില്‍ നിന്ന് 2006ല്‍ ഇടതുപക്ഷത്തിന് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ അത് 16 സീറ്റായി വര്‍ധിച്ചു. ഇപ്പോള്‍ ഇടുപക്ഷത്തിന് 4 അംഗങ്ങളാണുള്ളത്. ഒരംഗം പരാജയപ്പെട്ടത് കേവലം 33 വോട്ടുകള്‍ക്കാണ്. ഇനിയും അവിടെ വോട്ടുകള്‍ എണ്ണാനുണ്ടെന്ന് പറഞ്ഞ് തോറ്റ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ രണ്ടാം പിണറായി സര്‍ക്കാറിന്റെ 100-ാം സീറ്റ് സെഞ്ച്വറി അടിക്കുന്ന സീറ്റ് പെരിന്തല്‍മണ്ണയില്‍ നിന്നായാല്‍ അതില്‍ അത്ഭുതമില്ല.

മറ്റുപല നിയോജക മണ്ഡലങ്ങളിലും ലീഗിന്റെ വോട്ട് ശതമാനം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ സംഘടിതമായ നീക്കമാണ് ബിജെപി, ജമാ-അത്തെ ഇസ്ലാമി, എസ്ഡിഐ, എസ്എന്‍ഡിപിയിലെ ഒരു വിഭാഗം ഇവരെയെല്ലാം ഉപയോഗപ്പെടുത്തി നടത്തിയത്. ഇതിനു പുറമേ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറായി മുബാരക് പാഷയെ നിയമിച്ചുവെന്നുള്ളതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ തനിക്ക് നേരെ ദൂരാരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനൊക്കെ മുതലെടുക്കാന്‍ മുസ്ലിം ലീഗ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനെട്ട് അടവും പയറ്റി. എന്നിട്ടും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഈ വിനീതനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ല.

മാത്രമല്ല, ഇക്കുറി താനൂരിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് അഹങ്കരിച്ചുകൊണ്ടാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവിടെയും ലീഗിന് വിജയിക്കാന്‍ കഴിഞ്ഞില്ല. മലപ്പുറത്ത് ഇടതുപക്ഷം മികച്ച സ്ഥാനാര്‍ത്ഥികളെ ഫീല്‍ഡ് ചെയ്താല്‍ മികച്ച വിജയം നേടാന്‍ ഇനിയും കഴിയും. മത്സരിക്കാന്‍ വേണ്ടി മത്സരിക്കുന്നുവെന്നതിലുപരി ജയിക്കാനാണ് മത്സരിക്കുന്നുവെന്നുള്ള തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കണം. മത്സരിക്കാന്‍ വേണ്ടി മത്സരിക്കുന്നുവെന്നുളള ധാരണ ഒരുപാട് കാലങ്ങളായി നിലനിന്നതുകൊണ്ടാണ് അവിടെ നമുക്ക് മുന്നേറാന്‍ കഴിയാതെ പോയത്. ലീഗ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നമ്മള്‍ കണ്ടെത്തി അവിടെ മത്സരിപ്പിച്ചാല്‍ ഇനിയും നിരവധി സീറ്റുകള്‍ നമുക്ക് അവിടെ പിടിച്ചെടുക്കാന്‍ സാധിക്കും.

(Interview part 1)

(Interview part 2)

അഭിമുഖം തയ്യാറാക്കിയത്

അഡ്വ.മനീഷാ രാധാകൃഷ്ണന്‍

 

Top