മൂന്നാംസീറ്റിന്റെ പേരിൽ ലീഗിനെ കോൺഗ്രസ്സ് പറ്റിച്ചെന്ന് ജലീൽ, ലീഗിനുള്ളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തം

ടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ, എതിരാളികളുടെ ചങ്കിടിപ്പാണിപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. സമീപകാലത്ത് ഉണ്ടായതില്‍ വച്ച് , താരതമ്യേന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഇടതുപക്ഷം പുറത്തിറക്കിയിരിക്കുന്നത്. ഏതാനും ചില മണ്ഡലങ്ങളുടെ കാര്യത്തില്‍ , അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും , അവിടെയെല്ലാം സംഘടനാ സംവിധാനത്തിന്റെ കരുത്തില്‍ , മറികടക്കാമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷ അണികളുമുള്ളത്. സി.പി.എമ്മിനു തൊട്ടു പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സി.പി.ഐ, അവര്‍ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും കരുത്തരെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സിനു ലഭിച്ച കോട്ടയം സീറ്റില്‍ , സിറ്റിംഗ് എം.പി തന്നെയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പുമായി , ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. കേരള കോണ്‍ഗ്രസ്സ് മുന്നണിയില്‍ വന്നശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ , ഇടതുപക്ഷത്തിന്റെ കരുത്തും വര്‍ദ്ധിച്ചിട്ടുണ്ട്. കോട്ടയത്തിനും പത്തനംതിട്ടയ്ക്കും പുറമെ , ചാലക്കുടി, എറണാകുളം, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലെ ചില ഭാഗങ്ങളിലും , കേരള കോണ്‍ഗ്രസ്സിനു സ്വാധീനമുണ്ട്. യു.ഡി.എഫിന്റെ ഭാഗമായുള്ള ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ്സിനേക്കാള്‍ സ്വാധീനം , ഇടതുപക്ഷത്തിന്റെ ഭാഗമായുള്ള ജോസ് കെ മാണി വിഭാഗത്തിനാണുള്ളത്. സി.പി.എമ്മും സി.പി.ഐയും കഴിഞ്ഞാല്‍, ഇടതുപക്ഷത്ത് ശക്തിയുള്ള പാര്‍ട്ടിയാണിത്.

cpm-kerala-congressയു.ഡി.എഫില്‍ , പ്രധാനമായും കോണ്‍ഗ്രസ്സിനും മുസ്ലീംലീഗിനും തന്നെയാണ് ശക്തിയുള്ളത്. മൂന്നാംസീറ്റ് വിവാദം , ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയെങ്കിലും , ഈ വിവാദം ഉയര്‍ത്തിയ ക്ഷീണം , യു.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്നതും , കണ്ടറിയേണ്ട കാര്യമാണ്.’ഒരു രാജ്യസഭാ സീറ്റ് വിട്ടു നല്‍കി 2026 ല്‍ തിരിച്ചെടുക്കുന്ന കോണ്‍ഗ്രസ്സ് തന്ത്രത്തില്‍ ലീഗ് വീണു പോയെന്ന വികാരം , മുസ്ലീം സമുദായത്തിലും ശക്തമാണ്. ഇടതുപക്ഷ എം.എല്‍.എയായ കെ.ടി ജലീലാണ് , ലീഗിനെ വെട്ടിലാക്കുന്ന ഇത്തരമൊരു പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയില്‍ മൂന്നാം സീറ്റ് നിഷേധിച്ച് കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നാണ് , ജലീല്‍ ചൂണ്ടിക്കാട്ടുന്നത്. ലീഗ് നേതാവായ വഹാബിന്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് കൊടുത്താല്‍, ലീഗിന്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക എന്ന , പ്രസക്തമായ ചോദ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ സീറ്റ് കൂടി ലീഗിന് കിട്ടുമ്പോള്‍ മാത്രമാണ്, രണ്ട് അംഗങ്ങള്‍ രാജ്യസഭയില്‍ ഒരേസമയം ലീഗിനുണ്ടാകൂ എന്നതും , ഒരു യാഥാര്‍ത്ഥ്യമാണ്.

ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ്സ് സമ്മതിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ലീഗിന്റെ പ്രാതിനിധ്യം എപ്പോഴും രണ്ടെണ്ണം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം ഉറപ്പു നല്‍കുകയുണ്ടായി. എന്നാല്‍ , അബ്ദുള്‍ വഹാബ് എം.പിയുടെ കാലാവധി 2026-ല്‍ തീരുമ്പോള്‍, ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പകരം കോണ്‍ഗ്രസ് എടുക്കുമെന്നതാണ് ഇരുപാര്‍ട്ടികള്‍ക്കും ഇടയിലെ ധാരണ. ഈ ധാരണയിലെ പൊള്ളത്തരമാണ് , ഒറ്റ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ , കെ.ടി ജലീല്‍ പൊളിച്ചടുക്കിയിരിക്കുന്നത്.

ലോക്സഭയിലേക്ക് മൂന്നാം സീറ്റ് നല്‍കാതെ വീണ്ടും കോണ്‍ഗ്രസ് ലീഗിനെ വഞ്ചിച്ചെന്നത് , വ്യക്തമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ജലീല്‍ പറയുന്നത്.മുമ്പും ലീഗിന് രാജ്യസഭയില്‍ രണ്ട് പ്രതിനിധികള്‍ ഉണ്ടായിരുന്ന കാര്യവും, അദ്ദേഹം ലീഗ് നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ലീഗ് കണ്ണുരുട്ടാതെ തന്നെ, കെ കരുണാകരനാണ് കേരളത്തില്‍ നിന്നുള്ള ലീഗിന്റെ രാജ്യസഭാ പ്രാതിനിധ്യം രണ്ടാക്കി ഉയര്‍ത്തിയതെന്നും , എന്നാല്‍ ആ കരുണാകരനെ, കോട്ടയം ലോബി പടച്ചുണ്ടാക്കിയ ചാരക്കേസിന്റെ മറവില്‍ അപമാനിതനാക്കി വലിച്ച് താഴെയിട്ട് … എ കെ ആന്റെണിയെ പകരം മുഖ്യമന്ത്രിയാക്കി വാഴിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തിരുന്നത്, നെറികെട്ട ആ രാഷ്ട്രീയ അങ്കത്തില്‍, ചതിയന്‍ ചന്തുവിന്റെ വേഷമിട്ടാണ് ലീഗ് കളം നിറഞ്ഞാടിയതെന്ന് ജലീല്‍ പറയുമ്പോള്‍ , ആ അമ്പുകള്‍ , പൊന്നാനിയിലെ കരുന്നാകരന്റെ അണികളുടെ നെഞ്ചിലാണ് തറക്കുന്നത്.

ഒരേസമയം, ലീഗിനെയും കോണ്‍ഗ്രസ്സിനെയും പ്രതിരോധത്തിലാക്കുന്നതാണ് , കെ.ടി ജലീലിന്റെ എഫ്.ബി പോസ്റ്റ്. പൊന്നാനിയില്‍ ഉള്‍പ്പെടെ , ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമാക്കാന്‍ പോകുന്നതും , ഈ വിഷയങ്ങള്‍ തന്നെയായിരിക്കും.

മൂന്നാം സീറ്റെന്ന ആവശ്യം ഉന്നയിച്ച് രംഗത്തു വന്ന ലീഗ് നേതൃത്വം, ഒടുവില്‍ കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങിയെന്ന വികാരം , അവരുടെ അണികള്‍ക്കിടയിലും , സമുദായ സംഘടനകള്‍ക്കിടയിലും നിലനില്‍ക്കെയാണ് , ഒത്തുതീര്‍പ്പിലെ പൊള്ളത്തരവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. സമസ്തയിലെ ഒരുവിഭാഗവും , ഈ പ്രചരണമിപ്പോള്‍ ഏറ്റെടുത്തിട്ടുണ്ട്.

മൂന്നാംസീറ്റ് ഒത്തുതീര്‍പ്പിലെ വ്യവസ്ഥകള്‍ , തിരഞ്ഞെടുപ്പ് വിഷയമാകുന്നതോടെ , ലീഗ് വോട്ടുബാങ്കില്‍ നിന്നും എത്രമാത്രം വോട്ടുകള്‍ കോണ്‍ഗ്രസ്സിനു ലഭിക്കുമെന്നതും , കണ്ടറിയേണ്ട അവസ്ഥയാണുള്ളത്. ലീഗിന്റെ വോട്ടില്ലെങ്കില്‍ , മലബാറിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയാണ് ദയനീയമാകുക. മൂന്നാംസീറ്റെന്നത് , ഒരു സമുദായ പരിഗണന എന്ന നിലയിലാണ് , മുസ്ലീം സംഘടനകള്‍ നോക്കി കാണുന്നത്. അതുകൊണ്ടു തന്നെ , കാര്യങ്ങള്‍ ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കാനുള്ള സാധ്യതയും കുറവാണ്.

EXPRESS KERALA VIEW

 

Top