‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല’; സുരേന്ദ്രന് ജലീലിന്റെ മറുപടി

കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എന്ത് അധികാരമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി കെടി ജലീല്‍.

മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചാരിറ്റി ചടങ്ങുകള്‍ക്കും യുഎഇ നാഷണല്‍ ഡേ ചടങ്ങുകള്‍ക്കുമാണ് താന്‍ കോണ്‍സുലേറ്റില്‍ പോയതെന്ന് ജലീല്‍ വ്യക്തമാക്കി.

വിദേശ നയതന്ത്ര പ്രതിനിധികളോട് നയതന്ത്ര കാര്യങ്ങള്‍ സംസാരിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടത്. അല്ലാതെ കണ്ടാല്‍ മിണ്ടാനോ നയതന്ത്രപരമായതല്ലാത്ത കാര്യങ്ങള്‍ സംസാരിക്കാനോ ഏതൊരു പൗരനും അവകാശമുണ്ടെന്നും സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയായി ജലീല്‍ പറഞ്ഞു.

കെടി  ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി UAE കോണ്‍സുലേറ്റില്‍ നടന്ന ചാരിറ്റിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും UAE നേഷണല്‍ ഡേ ചടങ്ങുകള്‍ക്കുമാണ് കോണ്‍സുലേറ്റില്‍ പോയത്. അതിന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവായ സുരേന്ദ്രനെ വിളിക്കാന്‍ കഴിയാത്തത് കൊണ്ടാകും അവര്‍ എന്നെ ക്ഷണിച്ചിട്ടുണ്ടാവുക.

കോണ്‍സുലര്‍ ജനറല്‍ ‘സലാം’ ചൊല്ലിയാല്‍ മടക്കണമെങ്കില്‍ മോദിജിയുടെ അനുവാദം വാങ്ങണമെന്നാണ് സുരേന്ദ്രന്റെ വാദമെങ്കില്‍ അതിന് മനസ്സില്ല. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച്‌ നോക്കിയിട്ട് ഒരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല. എന്നിട്ടല്ലേ സുരേന്ദ്രന്‍ജീ അങ്ങ്.

ബിജെപി നേതാക്കള്‍ വിരട്ടിയാല്‍ വാല് ചുരുട്ടി മാളത്തിലൊളിക്കുന്നവര്‍ ഉണ്ടാകും. എന്നെ ആ ഗണത്തില്‍ കൂട്ടേണ്ട. മൊസാദും ഇന്റെര്‍പോളും സിഐഎയും എല്ലാം ഒത്തുചേര്‍ന്നുളള ഒരന്വേഷണം എന്റെ കാര്യത്തില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ സുരേന്ദ്രന്‍ തയ്യാറായാല്‍ അതിനെ ആയിരം വട്ടം ഞാന്‍ സ്വാഗതം ചെയ്യും.

വിദേശ നയതന്ത്ര പ്രതിനിധികളോട് നയതന്ത്ര കാര്യങ്ങള്‍ സംസാരിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടത്. അല്ലാതെ കണ്ടാല്‍ മിണ്ടാനോ നയതന്ത്രപരമായതല്ലാത്ത കാര്യങ്ങള്‍ സംസാരിക്കാനോ ഏതൊരു പൗരനും അവകാശമുണ്ട്. അത് ലോകം മുഴുവന്‍ അംഗീകരിക്കുന്ന തത്ത്വമാണ്. എക്‌സിക്യൂട്ടീവ് ഓഫീസുകളുടെ ഡോറുകള്‍ക്കൊക്കെ ഹൈഡ്രോളിക് ഡോര്‍ ക്ലോസര്‍ വെച്ചിട്ടുണ്ടാകും. ആര് വാതില്‍ തുറന്ന് അകത്ത് കടന്നാലോ പുറത്തേക്ക് പോന്നാലോ അത് താനേ അടയും. അതാണ് സുരേന്ദ്രന്‍ജി ‘അടഞ്ഞ റൂം’.

Top