ജലീലിന്റെ രാജി; പ്രതിഷേധത്തില്‍ എംഎല്‍എ ബല്‍റാമിന് പരുക്കേറ്റു

പാലക്കാട്: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി ടി ബല്‍റാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോട്ടയത്ത് ബാരിക്കേഡ് ചാടിക്കടന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധിച്ചെത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തും മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Top