ജലീലിന്റെ രാജി; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.

പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം അത് പ്രാവര്‍ത്തികമായില്ല. ഇതിനോടകം പലയിടത്തും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായിട്ടില്ല. പിന്നീട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കളക്ട്രേറ്റിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കള്‌ക്ട്രേറ്റിന്റെ മുന്‍വശത്തെ ഗേറ്റ് പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചിരുന്നു. അതുവഴി അകത്തു കടക്കാന്‍ ശ്രമിക്കാതെ പിന്‍വശത്തെ ഗേറ്റില്‍ കൂടി പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരുക്കേറ്റു.

Top