മന്ത്രി ജലീല്‍ കണ്ടു പഠിക്കണം ശുപാര്‍ശക്കെത്തിയ മകനോട് കൃഷി ചെയ്യാന്‍ പറഞ്ഞ പാലോളിയെ

മലപ്പുറം: സി.പി.എം നല്‍കിയ മന്ത്രിസ്ഥാനം ബന്ധുവിനു വഴിവിട്ട് ജോലിനല്‍കാന്‍ ദുരുപയോഗം ചെയ്ത മന്ത്രി കെ.ടി ജലീല്‍ കണ്ടു പഠിക്കേണ്ടത് സ്വന്തം മകന് ജോലിക്കായി ശുപാര്‍ശ ചെയ്യാതെ കൃഷിചെയ്യാന്‍ പറഞ്ഞ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ.

ചട്ടങ്ങള്‍ ലംഘിച്ച് യോഗ്യതകളില്‍ മാറ്റം വരുത്തി ബന്ധുവിന് നിയമനം നല്‍കിയ ജലീല്‍ മലപ്പുറത്ത് സി.പി.എമ്മിനെ ലീഗിനു മുന്നില്‍ നാണംകെടുത്തുകയാണ്. ജലീലിന്റെ പിതൃ സഹോദര പുത്രന്‍ അദീബ് കെ.ടിക്ക് കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായാണ് നിയമിച്ചത്.

മന്ത്രിക്കെതിരെ യൂത്ത് ലീഗ് സമരം ശക്തമാക്കുമ്പോഴും മലപ്പുറത്തെ സി.പി.എം നേതൃത്വം ജലീലിന് ശക്തമായ പിന്തുണ നല്‍കുന്നില്ല. ജലീല്‍ മുസ്ലിം ലീഗില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വലം കൈയ്യായിരുന്നപ്പോള്‍ ജില്ലയിലെ സി.പി.എമ്മിന്റെ മന്ത്രിയായിരുന്ന പാലോളിയായിരുന്നു സഖാക്കളുടെ അഭിമാനം. ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ ജോലിക്ക് ശുപാര്‍ശയുമായെത്തിയപ്പോള്‍ കൃഷിചെയ്യാന്‍ പറഞ്ഞയച്ച പിതാവായിരുന്നു മന്ത്രിയായ പാലോളി. കടം വന്നപ്പോള്‍ മലപ്പുറം ചട്ടിപ്പറമ്പിലെ സ്ഥലവും വീടും വിറ്റ് കടം വീട്ടിയ മന്ത്രി. ബന്ധുക്കള്‍ക്ക് വേണ്ടി ഒരു ശുപാര്‍ശയും ചെയ്യാത്ത മന്ത്രി. രണ്ടു തവണ മന്ത്രിയും ഇടതുമുന്നണി കണ്‍വീനറുമായ പാലോളി രാഷ്ട്രീയ വിശുദ്ധിയും ആദര്‍ശംകൊണ്ടുമാണ് ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന മലപ്പുറത്ത് ചെങ്കൊടി പാറിച്ചത്.

മികച്ച പാര്‍ലമെന്റേറിയനായ ജി.എം ബനാത്ത്വാലയെ മാറ്റി കോടീശ്വരനായ പി.വി അബ്ദുല്‍വഹാബിന് ലീഗ് രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ സഖാക്കള്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയത് പാലോളിയെയായിരുന്നു. മലപ്പുറത്ത് ലീഗ് പണക്കാര്‍ക്ക് അടിയറവ് വെച്ചപ്പോള്‍ സി.പി.എം മാതൃകയായി ഉയര്‍ത്തികാട്ടിയതും പാലോളിയെ തന്നെ. കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞ് ലീഗ് വിട്ടാണ് കെ.ടി ജലീല്‍ ഇടതുമുന്നണിയിലെത്തുന്നത്. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ അട്ടിമറി വിജയം നേടിയ ജലീല്‍ പിന്നീട് തവനൂരില്‍ രണ്ടു തവണ ഇടത് സ്വതന്ത്ര എം.എല്‍.എയായി. പാലോളിക്കു ശേഷം ഇടതുപക്ഷത്തുനിന്നും മലപ്പുറത്ത് മന്ത്രി സ്ഥാനം ലഭിച്ചത് ജലീലിനാണ്.
മന്ത്രിയായി പാലോളിയെ കണ്ട് പരിചയിച്ച പാര്‍ട്ടിക്കാര്‍ക്ക് ജലീല്‍ അന്യനായിരുന്നു.

ഗസ്റ്റൗസില്‍ നിന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന മന്ത്രിയായ പാലോളി മലപ്പുറത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൗതുക കാഴ്ചയായിരുന്നില്ല. മന്ത്രിയായാലും അല്ലെങ്കിലും പാലോളി എന്നും പാര്‍ട്ടിക്കാര്‍ക്കൊപ്പമായിരുന്നെങ്കില്‍ പാര്‍ട്ടിക്കന്യനായിരുന്നു ജലീല്‍. പാര്‍ട്ടി അംഗത്വമില്ലെങ്കിലും പാര്‍ട്ടി സമ്മേളനങ്ങളില്‍പോലും ജലീല്‍ ഇടപെട്ടു. മലപ്പുറത്ത് സി.പി.എം സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് ജലീലാണ്. തദ്ദേശ സ്വയംഭരണവകുപ്പില്‍ പാര്‍ട്ടിബാഹ്യമായ അധികാര കേന്ദ്രം ഉണ്ടായി. ലീഗ് നേതൃത്വം പറയുന്നപോലെ സ്ഥലംമാറ്റങ്ങളും ശുപാര്‍ശകളും നടക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നു. പാര്‍ട്ടി നിയോഗിച്ച സെക്രട്ടറിയെ നോക്കുകുത്തിയാക്കി സ്വയം നിയമിച്ച സെക്രട്ടറിയിലൂടെ ഭരണം നടത്തി.

മുഖ്യമന്ത്രിയുമായുള്ള അടുപ്പം പറഞ്ഞ് നേതാക്കളെപ്പോലും വിരട്ടി. ഒടുവില്‍ സി.പി.എം നേതൃത്വം തദ്ദേശ സ്വയംഭരണവകുപ്പ് ജലീലില്‍ നിന്നും എടുത്ത് എ.സി മൊയ്തീനു നല്‍കി. കാര്യമായ പണിയൊന്നുമില്ലാത്ത ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മന്ത്രിയാണിപ്പോള്‍ ജലീല്‍. മന്ത്രി സ്ഥാനത്തുനിന്നും നീക്കി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സി.പി.എം നേതൃത്വം ആലോചന നടത്തുന്നതിനിടെയാണ് ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങിയത്. ജലീലിനെതിരെ ഉയര്‍ന്ന ആരോപണം പരമാവധി മുതലാക്കുകയാണ് ലീഗ് നേതൃത്വം. സമരവുമായി യൂത്ത് ലീഗ് തെരുവിലിറങ്ങുമ്പോഴും ജലീലിനെ സംരക്ഷിക്കാന്‍ മലപ്പുറത്ത് പാര്‍ട്ടിക്കാര്‍ ഇറങ്ങുന്നില്ല.

Top