ജലന്ധര്‍ പീഡനം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം

Franco mulakkal jalandhar bishop,

കോട്ടയം:ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണ സംഘം. നാളത്തെ ഉന്നതതല യോഗത്തില്‍ ഇക്കാര്യങ്ങള്‍ അറിയിക്കും. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നും ഐജിയുടെ അനുമതി ലഭിച്ചാല്‍ അറസ്റ്റിലേയ്ക്ക് കടക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ബിഷപ്പിനെ കേരളത്തിലേയ്ക്ക് വിളിച്ചു വരുത്തിയാകും അറസ്റ്റ്. പീഡന പരാതിയുമായി ബന്ധപ്പെട്ട് ബിഷപ്പ് നല്‍കിയ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം അന്വേഷണ ഉദ്യോഗസ്ഥന് എടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കെതിരായ ലഘുലേഖകള്‍ പ്രചരിപ്പിയ്ക്കരുതെന്നും കോടതി അറിയിച്ചിരുന്നു.

ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പൊലീസ് സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിരുന്നു. പാസ്റ്ററല്‍ സെന്ററിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം അമൃത്സറിലേയ്ക്ക് പോയിരുന്നു. ഇവിടെ നിന്നും കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും പുറത്തെത്തിയിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായാണ് പരാതിയില്‍ പറയുന്നത്. രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.

Top