പീഡനക്കേസ്; ജലന്ധര്‍ ബിഷപ്പിന്റെ മൊഴിയില്‍ പൊരുത്തക്കേടെന്ന് പൊലീസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴിയില്‍ പൊരുത്തക്കേടെന്ന് പൊലീസ്. പരാതിയില്‍ പറഞ്ഞ ദിവസം മഠത്തില്‍ പോയില്ലെന്ന ബിഷപ്പിന്റെ വാദം കളവെന്നും, മഠത്തില്‍ പോയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണ സംഘം ഇന്ന് ജലന്ധറില്‍ നിന്നും ഡല്‍ഹിയിലെത്തും. നാളെ അന്വേഷണസംഘം കേരളത്തിലേയ്ക്കും തിരിക്കും.

അതേസമയം, ജലന്ധര്‍ ബിഷപ്പ് തനിക്കെതിരായ കന്യാസ്ത്രീയുടെ ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

പീഡനം നടന്നെന്ന് പറയുന്ന ദിവസം താന്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴിയില്‍ പറയുന്നത്. ഏത് അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാനും താന്‍ തയ്യറാണെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു.
ബിഷപ്പിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന നടത്തും. ജലന്ധറില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ശേഷമായിരിക്കു ഫോറന്‍സിക് പരിശോധന.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടായേക്കില്ല. ബിഷപ്പിനെതിരായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും, തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും, ബിഷപ്പ് അന്വേഷണത്തോട് സഹകരിച്ചെന്നും ഡിവൈ.എസ്.പി സുഭാഷ് പറഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Top