മാധ്യമ വിചാരണ സഭയുടെ പ്രതിച്ഛായ തകര്‍ക്കും ; രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

Jalandhar Bishop Franco Mulakkal

ജലന്ധര്‍ : ബിഷപ്പ് സ്ഥാനത്ത് നിന്നും നേരത്തെ രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അത് ചെയ്യരുതെന്ന് സഹവൈദികര്‍ ഉപദേശിച്ചു. സഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമ വിചാരണയാണെന്നും ബിഷപ്പ് വ്യക്തമാക്കി.

സാധാരണ ജനങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ്. എന്നാല്‍ പള്ളിക്ക് എതിരെ നില്‍ക്കുന്നവര്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവര്‍ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാര്‍ഡില്‍ പല വിഷയങ്ങളുമുണ്ട്. അവര്‍ മറ്റു കാര്യങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ തടസ്സമില്ലന്നും ബിഷപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അറസ്റ്റും നടപടിയും ആവശ്യപ്പെട്ടുള്ള കേരളത്തിലെ സമരം ദേശീയ ശ്രദ്ധ നേടുമ്പോഴാണ് ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. കന്യാസ്ത്രീക്കെതിരെയുള്ള പരാതി അന്വേഷിച്ചതിന്റെ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിക്കുന്നു.

ഇതിനിടെ ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആരോപിച്ച് ജലന്ധര്‍ രൂപത പ്രസ്താവന ഇറക്കിയിരുന്നു. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു.

നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി.

Top