ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച വൈദികനെതിരെ നടപടി

bishap

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് പിന്‍വലിക്കുന്നതിന് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച വൈദികന്‍ ജെയിംസ് എര്‍ത്തയിലിനെതിരെ നടപടിയെടുത്ത് സിഎംഐ സഭ.

കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് എര്‍ത്തയിലിനെ മാറ്റി കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നത്. സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് എര്‍ത്തയിലിനെ മാറ്റിയത്. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. കൂടാതെ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനും സഭ എര്‍ത്തയിലിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമായിരുന്നു ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടതും വന്‍വാഗ്ദാനങ്ങള്‍ നല്‍കിയതും. 11 മിനുട്ടു നീണ്ടു നിന്ന സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് സഭയുടെ നടപടിയെന്നാണ് സൂചന. ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചിരുന്നത് സിസ്റ്റര്‍ അനുപമയാണ്. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്.

Top