പീഡനക്കേസ്; ജലന്ധര്‍ ബിഷപ്പിന് ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്ന് വൈക്കം ഡിവൈഎസ്പി

Franco mulakkal jalandhar bishop,

കോട്ടയം: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ ബിഷപ്പിന് നോട്ടീസ് നല്‍കുമെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു.

ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് നല്‍കുക. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡിവൈഎസ്പി അറിയിച്ചു. പഞ്ചാബ് പൊലീസ് മുഖേന ബിഷപ്പിന് നോട്ടീസ് നല്‍കുവാനാണ് ശ്രമിക്കുന്നത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍.

അതേസമയം, ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും.

സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച സമരം നടക്കുക. വി.എം. സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Top