ഗംഗ ഇപ്പോഴും മലിനമാണ് , ശവശരീരങ്ങൾ നദിയിൽ ഒഴുക്കുന്നു ; പദ്ധതികൾ ഉത്തരവിൽ മാത്രം

ഹരിദ്വാർ : ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന വൻ നദിയാണ് ഗംഗ.

ഗംഗാ ജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ വിശ്വാസം.

ഓരോ വിശ്വാസവും ചിലപ്പോൾ പ്രകൃതിയെ നശിപ്പിക്കാറുണ്ട്. അത്തരത്തിൽ ഗംഗാ നദി അനുദിനം മലിനമാകുകയാണ്.

പുണ്യ നദിയായി ഭാരതീയർ വിശ്വസിക്കുന്ന ഗംഗാ ഇന്ന് മരണത്തിന്റെ വക്കിലാണ്.

ഹൈന്ദവ മത ആചാരപ്രകാരമുള്ള ചില പ്രവർത്തികളാണ് ഗംഗയുടെ പതനത്തിന് പിന്നിൽ.

ഗംഗാ തീരത്തുള്ള ഹരിദ്വാറിലെ മനോഹരമായ തീർഥാടന കേന്ദ്രമാണ് നീൽ ധാര.

സന്യാസിമാർ ശവസംസ്കാരങ്ങളുടെ ചടങ്ങുകൾക്കായും , ശരീരം ഒഴുക്കുന്നതിനായും തിരഞ്ഞെടുക്കുന്നത് നീൽ ധാരയാണ്.

നീൽ ധാരയിൽ നടക്കുന്ന ആചാരപരമായ ചടങ്ങുകൾ അറിയപ്പെടുന്നത് ജൽ-സമാധി എന്ന പേരിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ൽ ആരംഭിച്ച ക്ലീൻ ഗംഗ പദ്ധതിയുടെ ഭാഗമായി നീൽ ധാരയിൽ ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

സന്യാസിമാരുടെയും മറ്റും ശവശരീരങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതിനാലാണ് പുതിയ പദ്ധതി നടപ്പാക്കിയത്.

എന്നാൽ ആചാര പ്രകാരം ഒഴുക്കിയ രണ്ട് മൃതദേഹങ്ങൾ ചൊവ്വാഴ്ച പൊലീസ് ഗംഗയിൽ നിന്നും കണ്ടെത്തിയിരുന്നു.

നദി ഇത്തരത്തിൽ മാലിന്യമാക്കുന്നത് തടയുവാൻ നദിയുടെ തീരങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചതായി പൊലീസ് സൂപ്രണ്ട് കൃഷ്ണൻ കുമാർ വി.കെ വ്യക്തമാക്കി.

മത പാരമ്പര്യമനുസരിച്ച് മൃതദേഹങ്ങൾ പത്മാസനത്തിൽ ഇരുത്തി ജൽ-സമാധിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുന്നത്.

ജല മലിനീകരണത്തിലേക്ക് നയിക്കുന്ന ഈ ആചാരം ദീർഘകാലമായി സന്യാസിമാർ നടത്തുകയാണ്. ഈ ആചാരങ്ങൾ നിർത്താൻ നിലവിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

കേന്ദ്ര സർക്കാർ 675 മീറ്റിൽ ശവകുടീരങ്ങളുടെ വികസനത്തിനായി 260 കോടി രൂപ അനുവദിച്ചിട്ടുണ്ട് , കൂടാതെ നദിയുടെ വികസന പ്രവർത്തനങ്ങൾക്കായും അനുവദിച്ചിട്ടുണ്ട്.

നടപ്പാക്കിയ പദ്ധതികൾ ഉത്തരവിലും , പേപ്പറിലും മാത്രമാണ് എപ്പോഴും നിൽക്കുന്നത്. നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ താമസിക്കുന്നതോടെ ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്തായ ഗംഗാ ഒരു ഓർമ്മയായി മാറും.

അല്ലെങ്കിൽ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന എല്ലാ ദുരിതങ്ങളും നമ്മൾ സ്വീകരിക്കേണ്ടി വരും.

മൃതദേഹങ്ങൾ വെള്ളത്തിൽ ഒഴുകുന്നതിനെ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും , പൊലീസ് ഗംഗയുടെ തീരങ്ങളിൽ എന്നും പെട്രോളിംഗ് നടത്തുമെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മനീഷ് കുമാർ അറിയിച്ചു.

ജൽ-സമാധിയാണ് ഗംഗയുടെ മലിനീകരണത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ കാരണം.അതിനാൽ ഈ ആചാരമാണ് ആദ്യം നിർത്തലാക്കേണ്ടത് എന്നും അല്ലെങ്കിൽ ഗംഗ മാലിന്യ വിമുക്തമാകില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ കാര്യങ്ങളെല്ലാം സന്യസികൾക്കും , ഭക്തർക്കും അറിയാം . മൃതദേഹങ്ങൾ ഭൂമിയിൽ അടക്കം ചെയ്യുന്നതിനായി വേണ്ടത്ര സ്ഥലം നൽകണമെന്ന് സന്യാസി സമൂഹം ആവശ്യപ്പെടുന്നുണ്ട്.

സന്യസിമാർക്ക് ഭു-സമാധി നടത്തുന്നതിന് സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയതായി അഖില ഭാരതീയ അഖാഡ പരിഷത്ത് (എ ബി പി) പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു.

പുണ്യ നദിയായ ഗംഗയുടെ മലിനീകരണ നിയന്ത്രണത്തിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷെ സർക്കാർ ഞങ്ങൾക്ക് ഇതുവരെ ഭൂമി തന്നിട്ടില്ല. എന്നാലും ജൽ-സമാധിക്ക് പകരം ഭൂ-സമാധിയിനെ കുറിച്ച് സന്യാസ സമൂഹത്തിലും അഖാഡസുകൾക്കിടയിലും ഞങ്ങൾ ബോധവത്കരണവും നടത്തുന്നുണ്ടെന്ന് മഹന്ത് നരേന്ദ്ര ഗിരി കൂട്ടിച്ചേർത്തു.

ഗംഗയിൽ മുങ്ങി നിവർന്നാൽ തീരുന്ന പാപമേ ഞാൻ ചെയ്തിട്ടുള്ളു എന്ന് പറയുന്ന ഓരോ ഭാരതീയനും നമ്മുടെ പാപങ്ങൾ പേറി മലിനമായി മാറുന്ന ഗംഗയെ കുറച്ച് ചിന്തിക്കണം.

ഇന്ത്യയുടെ പുണ്യ നദിയായ ഗംഗയെ വെറും ചലനമറ്റ നദിയാക്കി നാം മാറ്റരുത്. ഹരിദ്വാറിലെ സന്യാസി സമൂഹം മാത്രമല്ല ഗംഗയെ സന്ദർശിക്കുന്ന ഓരോരുത്തരും മാലിന്യവിമുക്തമായ ഗംഗയെ കാണുന്നതിനായി പ്രവർത്തിക്കണം.

റിപ്പോർട്ട് : രേഷ്മ പി. എം

Top