പാര്‍ലര്‍ ഇനി വീട്ടിലെത്തും; സഞ്ചരിക്കുന്ന ബ്യൂട്ടി പാര്‍ലറുമായി ജാജീസ് ബ്യൂട്ടി എക്‌സ്പ്രസ്

കൊല്ലം: ദക്ഷിണേന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ബ്യൂട്ടി സലൂണ്‍ ആന്റ് മേക്കപ്പ് സ്റ്റുഡിയോ ‘ജാജീസ് ബ്യൂട്ടി എക്സ്പ്രസ്’ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ജാജിമോള്‍ സുനില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആധുനിക ബ്യൂട്ടി സലൂണ്‍ സൗകര്യങ്ങളാകെ ഒരു കാരവനുള്ളില്‍ ലഭ്യമാക്കുന്നതാണ് ജാജീസ് ബ്യൂട്ടി എക്സ്പ്രസ്. വിവാഹ മേക്കപ്പ് ആവശ്യക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കന്യാകുമാരിമുതല്‍ കാസര്‍കോട് വരെ സേവനം ലഭ്യമാകും. മേക്കപ്പ്, സ്‌കിന്‍, ഹെയര്‍ എന്നീ എല്ലാത്തരം ബ്യൂട്ടി സര്‍വീസും ലഭിക്കുന്ന കാരവന്‍ സര്‍വ്വ സജ്ജമായാണ് എത്തുക.

ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബുക്കിങ് ലഭ്യമാണ്. പത്തുദിവസത്തിനകം കാരവന്‍ സഞ്ചാരം തുടങ്ങുമെന്നും അവര്‍ അറിയിച്ചു. വിവാഹാഘോഷങ്ങളിലും മറ്റും വധുവിനും വരനുമൊപ്പം ഒരു വീട്ടില്‍ നിന്ന് ഒന്നോ രണ്ടോ ആളുകള്‍ക്ക് മാത്രമാണ് ബ്യൂട്ടി സലൂണില്‍ എത്താനാവുക. എന്നാല്‍ ജാജീസ് ബ്യൂട്ടി എക്സ്പ്രസ് വീട്ടിലേക്ക് എത്തുന്നതോടെ മേക്കപ്പ് സങ്കല്‍പ്പങ്ങള്‍ക്കാകെ മാറ്റം വരുത്താനാകുമെന്നും മാനേജിങ് ഡയറക്ടര്‍ അവകാശപ്പെടുന്നു.

കേരളത്തിലെ പതിവ് മേക്കപ്പ് സങ്കല്‍പ്പങ്ങളിലാകെ മാറ്റം വരുത്തിയ ജാജീസ് എക്‌സ്പ്രസിന്റെ സേവനം ആവശ്യപ്പെട്ട് ഇതിനകം തന്നെ സമീപിച്ചവരുടെ എണ്ണവും ഏറെയാണ്. ഓണ്‍ലൈന്‍, ഫോണ്‍ സംവിധാനങ്ങളിലൂടെ ബുക്കിംഗ് നടത്താന്‍ അവസരമുണ്ട്. മാനേജിങ് പാര്‍ട്ട്ണര്‍ കീര്‍ത്തി സുനില്‍, കാര്‍ത്തിക് സുനില്‍, അജിത്ത്, സേവ്യര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top