ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍, ജയ്സ്വാളിന് സെഞ്ച്വറി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ ക്രിക്കറ്റില്‍ സെമിയിലെത്തി ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ 23 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സെടുത്തത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും റിങ്കു സിങ്ങിന്റെ മികച്ച ഫിനിഷിങ്ങുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരിക്കുമ്പോഴും ജയ്‌സ്വാള്‍ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. വെറും 49 പന്തില്‍ നിന്നാണ് ജയ്‌സ്വാള്‍ തന്റെ ട്വന്റി20 കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചത്. സെഞ്ച്വറി നേടിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ജയ്‌സ്വാള്‍ പുറത്തായി. 16-ാം ഓവറിലെ രണ്ടാം പന്തില്‍ ദിപേന്ദ്ര സിങ് ജയ്‌സ്വാളിനെ അഭിനാഷ് ബൊഹാറയുടെ കൈകളിലെത്തിച്ച് മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നിട്ടുണ്ടായിരുന്നു. പിന്നീട് ക്രിസീലൊരുമിച്ച ശിവം ദുബേയും റിങ്കു സിങ്ങും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 19 പന്തില്‍ നിന്ന് 25 റണ്‍സുമായി ദുബെയും 15 പന്തില്‍ 37 റണ്‍സുമായി റിങ്കുവും പുറത്താവാതെ നിന്നു.മറുപടി ബാറ്റിങ്ങില്‍ മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ നേപ്പാളിനായില്ല. 15 പന്തില്‍ 32 റണ്‍സ് നേടിയ ദിപേന്ദ്രസിങ് ഐറീയാണ് അവരുടെ ടോപ് സ്‌കോറര്‍. ആസിഫ് ഷെയ്ഖ് (10), കുശാല്‍ ബ്രൂടെല്‍ (28), കുശാല്‍ മല്ല (29), രോഹിത് പൗഡല്‍ (3) എന്നീ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. സന്ദീപ് ജോറയും (29) കൂടി മടങ്ങിയതോടെ നേപ്പാള്‍ പ്രതിരോധത്തിലായി. അവസാന നാല് ഓവറുകളില്‍ വിജയിക്കാന്‍ 56 റണ്‍സ് വേണമെന്നിരിക്കെ സോംപാല്‍ കമി (7), ഗുല്‍സാന്‍ ഝാ (6), സന്ദീപ് ലമിച്ചാനെ (5) എന്നിവര്‍ മടങ്ങിയതും നേപ്പാളിന് തിരിച്ചടിയായി. 13 പന്തില്‍ 18 റണ്‍സുമായി കരണ്‍ കെ സി പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ചി ആവേശ് ഖാനും രവി ബിഷ്ണോയിയും മൂന്ന് വീതവും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

 

 

Top