Jaish’s new fidayeen squad a suspect in Pathankot attack

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയത് പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാ
ണെന്ന സംശയം ബലപ്പെടുന്നു.

ജയ്‌ഷെ മുഹമ്മദുമായി ഭീകരര്‍ക്ക് ബന്ധമുണ്ടെന്ന് തെളിവു നല്‍കുന്ന കുറിപ്പ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തിരുന്നു. തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറി സംഘടനക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടും. ഈ വിഷയത്തില്‍ പാകിസ്താന്റെ പ്രതികരണമനുസരിച്ചായിരിക്കും ഇന്ത്യാ പാക് നയതന്ത്ര ചര്‍ച്ചയുടെ മുന്നോട്ടുള്ള നീക്കം.

പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും പാകിസ്താന്‍ ഭീകരവിരുദ്ധ കോടതി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെടും. കര്‍ശന നടപടിയില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച മാറ്റിവെക്കുമെന്ന് പാകിസ്താനെ ധരിപ്പിക്കാനും തീരുമാനമായതായി സൂചനയുണ്ട്.

2002 ല്‍ പാകിസ്താന്‍ നിരോധിച്ച ഭീകര സംഘടനയാണ് കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ്. 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തില്‍ വിട്ടയച്ച ഭീകരന്‍ മൗലാനാ മസൂദ് അസറാണ് ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍. അന്നുമുതല്‍ ഇന്ത്യയില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി കൃത്യമായ വിവരം ലഭിച്ചിരുന്നു.

അസറിനെതിരെ നടപടിയെടുക്കാന്‍ പാകിസ്താനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യാ പാക് ബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ അസറിനെതിരെ ശക്തമായ നടപടിക്ക് സമ്മര്‍ദ്ദം ചെലുത്താനാണ് തീരുമാനം.

Top