ജെയ്‌ഷെ ഭീകരരില്‍ നിന്നും കണ്ടെടുത്തത് പാക്ക് സേന ഉപയോഗിക്കുന്ന യുഎസ് നിര്‍മ്മിത റൈഫിളുകള്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനും ഭീകര സംഘടനകളും തമ്മില്‍ ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ത്യന്‍ സേനയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. പാക്ക് സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകള്‍ ജെയ്‌ഷെ ഭീകരരില്‍നിന്ന് പിടിച്ചെടുത്തതായും ഇത് ഭീകരരോടുള്ള പാക്കിസ്ഥാന്റെ അടുത്ത ബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്നും സേന പറഞ്ഞു.

പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത എം4 റൈഫിളുകളാണ് കഴിഞ്ഞദിവസം ജെയ്‌ഷെ ഭീകരില്‍നിന്ന് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്. ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ പാക് സ്വദേശികളെന്ന് കരുതുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എം4 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീകരവാദികളുടെ കൈയില്‍ നിന്ന് എം4 റൈഫിളുകള്‍ കണ്ടെടുക്കുന്നത്. 2017ല്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ തല്‍ഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കൈയില്‍നിന്ന് ആദ്യമായി എം4 റൈഫിളുകള്‍ കണ്ടെത്തുന്നത്. ഇത് പാക്കിസ്ഥാനും ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വെളിവാക്കുന്ന തെളിവുകളാണ്.

Top