മോസ്‌കോയില്‍ ഇന്ത്യാ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ആരംഭിച്ചു

മോസ്‌കോ: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി കൂടിക്കാഴ്ച നടത്തുന്നു.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നത്.  ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കുള്ള തന്ത്രപ്രധാന കുന്നുകളില്‍ ഇന്ത്യന്‍സേന നിലയുറപ്പിച്ചതിനു പിന്നാലെയാണ് ഫിംഗര്‍ മൂന്നിലേക്ക് കടന്നുകയറാന്‍ തിങ്കളാഴ്ച ചൈന ശ്രമിച്ചത്. തടാകക്കരയിലെ എട്ടു കുന്നുകളിലൊന്നായ തങ്ങളുടെ അധീനതയിലുള്ള ഫിംഗര്‍ നാലില്‍ പുതിയ സൈനികകേന്ദ്രം സ്ഥാപിച്ച ചൈന ചൊവ്വാഴ്ച രാത്രിമുതല്‍ ഫിംഗര്‍ മൂന്നിലെ പൊതുപ്രദേശങ്ങളിലും കടന്നുകയറാന്‍ ശ്രമം തുടങ്ങിയതായി സൈനികവൃത്തങ്ങള്‍ പറഞ്ഞിരുന്നു.

കാണാവുന്ന അകലത്തില്‍ നിലയുറപ്പിച്ച് ഇരുസൈന്യവും പരസ്പരം പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ചുവരുകയാണിപ്പോള്‍. മേഖലയില്‍ ഗണ്യമായി സൈനികശക്തി കൂട്ടിയ ഇന്ത്യ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി സുഖോയ്, മിഗ് വിമാനങ്ങളെ ഉള്‍പ്പെടുത്തി വ്യോമപ്രകടനവും നടത്തി. എല്ലാ സൈനിക വിഭാഗങ്ങളോടും കനത്തജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Top