പേരുമാറ്റി നാണം കെട്ടു, എന്നിട്ടും ഇന്ത്യയ്ക്ക് നേരെ ഒളിയമ്പുമായി ജെയ്‌ഷെ. . .

terrorisam

ശ്രീനഗര്‍: പേര് മാറ്റത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ജയ്ഷെ മുഹമ്മദ്. ആക്രമണം നടത്താന്‍ 30 ചാവേറുകളെ തയ്യാറാക്കിയതായാണ് ജയ്ഷെ മുഹമ്മദിന്റെ അവകാശവാദം. സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ദരിച്ച് ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പാക്കിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്ന് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് പേരുമാറ്റിയതിനോടൊപ്പമാണ് ചാവേറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമെത്തുന്നത്. ‘മജ് ലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍’ എന്നാണ് ജെയ്ഷെ മുഹമ്മദിന്റെ പുതിയ പേര്.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഇളയ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിന്റെ നേതൃത്വത്തിലാണ് ആക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ സംഘത്തിലേയ്ക്ക് ഭാവല്‍പൂര്‍, സിയാല്‍കോട്ട് പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകളെ ചേര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദവിരുദ്ധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മദ്രസകളില്‍ കൂടിയാണ് സംഘത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നത്. ഭവല്‍പൂരിലേയും ജാംറൂദിലേയും കേന്ദ്രങ്ങളില്‍ കശ്മീരില്‍ ജിഹാദിനൊരുങ്ങാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മസൂദ് അസര്‍ സഹോദരന്മാരായ റൗഫ് അസ്ഗറിനും തല്‍ഹ സെയ്ഫിനും ജയ്‌ഷെ മുഹമ്മദ് സംഘടനയുടെ ചുമതല കൈമാറിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഒക്ടോബറില്‍ മഞ്ഞ് വീഴ്ച തുടങ്ങുന്നതോടെ ഭീകരര്‍ ആക്രമണം തുടങ്ങുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന് പകരം ചോദിക്കാന്‍ ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്ന ജയ്ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ജയ്ഷെ തീവ്രവാദികള്‍ ഈ ക്യാമ്പ് പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയതായി ഇന്ത്യയ്ക്ക് വിവരം ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി . അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി കനത്തതായിരിക്കുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി.

ഏകദേശം 500-ഓളം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയുടെ പല അതിര്‍ത്തികളിലായി തക്കം പാര്‍ത്തിരിക്കുന്നുണ്ടെന്നും, ഇനിയും ഈ എണ്ണം കൂടാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വെല്ലുവിളികളെല്ലാം നേരിടാന്‍ തീര്‍ത്തും സജ്ജമാണ് ഇന്ത്യന്‍ സൈന്യമെന്ന് ബിപിന്‍ റാവത്ത് അറിയിച്ചു.

Top