മസൂദ് അസറിനെതിരായ യു.എൻ നടപടി; ഇന്ത്യയിൽ രാഷ്ട്രീയ പോര് അതിശക്തം

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എന്‍ പ്രഖ്യാപിച്ചത് നരേന്ദ്രമോദിയുടെ വിജയമായി ബി.ജെ.പി പ്രഖ്യാപിക്കുമ്പോള്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും തുറന്നുവിട്ട ബി.ജെ.പിയുടെ പിഴവ് ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ്.

ഇനി മൂന്നു ഘട്ടങ്ങളിലായി 12 സംസ്ഥാനങ്ങളിലായി നടക്കുന്ന 169 ലോക്‌സഭാ സീറ്റുകളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മസൂദ് അസറിന്റെ പേരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പോര്‍മുഖം തുറക്കുന്നത്.

ചൈനയുടെ എതിര്‍പ്പില്ലാതാക്കി മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച നയതന്ത്ര വിജയം മോദിയുടെ നേട്ടമായാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉയര്‍ത്തികാട്ടുന്നത്. മസൂദ് അസറിനെ ഇന്ത്യയിലെ ജയിലില്‍ നിന്നും തുറന്നുവിട്ടത് ബി.ജെ.പി സര്‍ക്കാരല്ലേ എന്ന മറുചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മോദിയെ പ്രതിരോധത്തിലാക്കുന്നത്.

പാര്‍ലമെന്റ് ആക്രമണവും മുംബൈ ഭീകരാക്രമണവും പുല്‍വാമ ഭീകരാക്രമണവും നടത്താന്‍ മസൂദ് അസറിന് അവസരമുണ്ടാക്കി നല്‍കിയത് ബി.ജെ.പിയുടെ പിടിപ്പുകേടെന്ന പ്രചരണമാണ് കോണ്‍ഗ്രസ് അഴിച്ചുവിടുന്നത്.

കാശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരവാദികളെ പാലൂട്ടി വളര്‍ത്തുന്ന കൊടുംഭീകരനായിരുന്നു മസൂദ് അസര്‍. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും പാക് സൈന്യത്തിന്റെയും പിന്തുണയോടെ പ്രവര്‍ത്തിച്ച മസൂദ് അസറിനെ കാശ്മമീരിലെത്തിച്ച് പിടികൂടിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ തന്ത്രങ്ങളായിരുന്നു.

കാശ്മീരി ഭീകരസംഘടനകളുടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വ്യാജ പാസ്‌പോര്‍ട്ടില്‍ കാശ്മീരിലെത്തിയ മസൂദ് അസറിനെ തന്ത്രപരമായി ഇന്ത്യന്‍സേന വലയിലാക്കുകയായിരുന്നു. ഭീകരകുറ്റകൃത്യങ്ങള്‍ക്ക് മസൂദ് അസര്‍ തടവിലായതോടെ അസറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.

1995 ല്‍ കാശ്മീരില്‍ നിന്നും വിദേശ ടൂറിസ്റ്റുകളെ അല്‍ഫറാന്‍ എന്ന സംഘടന തട്ടികൊണ്ടുപോയി അസറിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തി. എന്നാല്‍ ഇന്ത്യ ആ ഭീഷണിക്ക് വഴങ്ങിയില്ല. ഒരു ടൂറിസ്റ്റ് രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ളവര്‍ കൊല്ലപ്പെടുകയായിരുന്നു.

ഇതിനു പിന്നാലെയാണ് 1999തില്‍ ഇന്ത്യന്‍വിമാനം കാണ്ഡഹാറിലേക്ക് തട്ടികൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയുരുന്നത്. ഇതേത്തുടര്‍ന്ന് മസൂദ് അസറിനെയും രണ്ടു തീവ്രവാദികളെയും ഇന്ത്യന്‍ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

മസൂദ് അസറിനെ വിട്ടുകൊടുക്കരുതെന്നും കാണ്ഡഹാറില്‍ കമാന്‍ഡോ ഓപ്പറേഷനിലൂടെ യാത്രക്കാരെ മോചിപ്പിക്കാമെന്നുമുള്ള സൈന്യത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് തീവ്രവാദികളെ മോചിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നത്.

ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലായിരുന്നു അന്നത്തെ ഇന്റലിജന്‍സ് മേധാവി. ഭീകരരുമായി ചര്‍ച്ച നടത്തി മസൂദ് അസറടക്കമുള്ളവരെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയതും അദ്ദേഹമാണ്.

പ്രത്യേക വിമാനത്തില്‍ കാണ്ഡഹാറിലെത്തിച്ച് കൈമാറിയ മസൂദ് അസര്‍ അടക്കമുള്ളവര്‍ അവിടെനിന്നും പാക്കിസ്ഥാനിലേക്കു പോയി ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയായിരുന്നു. മസൂദ് അസറിനെ വിട്ടു നല്‍കിയ വാജ്‌പേയി സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് അന്താരാഷ്ട്രതലങ്ങളില്‍ നിന്നുവരെ ഉയര്‍ന്നിരുന്നത്. ഇന്ത്യയുടെ സൈനിക ശേഷിയെയും കമാന്‍ഡോ വിഭാഗങ്ങളെയും നാണംകെടുത്തുന്ന നീക്കമായും ഇതു വ്യാഖ്യാനിക്കപ്പെട്ടു.

മസൂദ് അസറിനെ വിട്ടയച്ച പിഴവിന് കനത്ത വിലയാണ് പിന്നീട് ഇന്ത്യ നല്‍കേണ്ടി വന്നത്. മോചനത്തിന് ശേഷം കറാച്ചിയില്‍ 10000 -ത്തോളം പേര്‍ പങ്കെടുത്ത സ്വീകരണയോഗത്തില്‍ ഇന്ത്യക്കെതിരെ വിഷംതുപ്പുന്ന പ്രസംഗമാണ് അസര്‍ നടത്തിയത്. ‘ഞാന്‍ ഇവിടെ വന്നിരിക്കുന്നത്, ഇന്ത്യയെ നശിപ്പിക്കുന്നതുവരെ നമ്മള്‍ വിശ്രമിക്കരുത് എന്ന് നിങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ്’ ഇന്ത്യന്‍ ഭരണത്തില്‍ നിന്നും കശ്മീരിനെ മോചിപ്പിക്കും വരെ പോരാടുമെന്നും മസൂദ് അസര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.

മോചനത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ച് മസൂദ് അസര്‍ രാജ്യത്തെ ഞെട്ടിച്ചു. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികളടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് സുരക്ഷാസേനയിലെ രണ്ടു പേരും ഡല്‍ഹി പോലീസിലെ ആറ് ഉദ്യോഗസ്ഥരും ജീവത്യാഗം ചെയ്താണ് ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തെയും എം.പിമാരെയും രക്ഷിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ 2008 നവംബര്‍ 11 മുംബൈയില്‍ ഭീകരാക്രമണപരമ്പരയിലൂടെ 174 പേരുടെ ജീവനാണ് മസൂദ് അസറും ദാവൂദ് ഇബ്രാഹിമും കവര്‍ന്നത്. അന്നു മുതല്‍ മസൂദ് അസറിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പാക്കിസ്ഥാന്‍ അംഗീകരിച്ചില്ല. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെയും സൈന്യത്തിന്റെയും സംരക്ഷണയില്‍ മസൂദ് അസറിനെ സംരക്ഷിക്കുകയായിരുന്നു പാക് ഭരണകൂടം.

നരേന്ദ്രമോദി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് 2016ല്‍ പഠാന്‍കോട്ടില്‍ ഇന്ത്യന്‍ സൈനികതാവളത്തില്‍ ഭീകരാക്രമണമുണ്ടായത്. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സൈനിക ട്രക്കുകള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്‍മാരുടെയും ജീവന്‍ നഷ്ടമായി. ഇതോടെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ആവശ്യം ഇന്ത്യ യു.എന്നില്‍ ശക്തമാക്കിയത്.

മസൂദ് അസര്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അസറിനെ ഇന്ത്യക്കു കൈമാറാനുള്ള നീക്കമൊന്നും നിലവില്‍ ആരംഭിച്ചിട്ടില്ല. പാര്‍ലമെന്റ് ആക്രമണം മുതല്‍ പുല്‍വാമ ഭീകരാക്രമണം വരെയുള്ള കേസുകളില്‍ മസൂദ് അസറിനെ വിചാരണക്കായി ഇന്ത്യക്കു ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നയതന്ത്രനീക്കത്തിനായിരിക്കും ഇന്ത്യ ആദ്യം തുടക്കമിടുക.

അബോട്ടബാദില്‍ നിന്നും അമേരിക്ക ബില്‍ലാദനെ പിടികൂടിയതു പോലെയുള്ള സൈനിക ഓപ്പറേഷനിലൂടെയും അതോ നയതന്ത്ര നീക്കത്തിലൂടെയോ മസൂദ് അസറിനെ വീണ്ടും ഇന്ത്യന്‍ ജയിലിലടക്കാനുള്ള നീക്കമാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വഴി. അല്ലെങ്കില്‍ മിന്നലാക്രമണം നടത്തി വകവരുത്തേണ്ടി വരും. ഇതിലേത് മാര്‍ഗ്ഗമാണ് ഇന്ത്യ സ്വീകരിക്കുക എന്നതാണ് ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

Top