Jaish-e-Mohammad chief Masood Azhar under ‘protective custody’: Pakistan minister

ലാഹോര്‍:പഠാന്‍കോട്ട് ഭീകരാക്രമണ സൂത്രധാരനെന്നു കരുതപ്പെടുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ നിയമ മന്ത്രി റാണ സനാവുല്ലയുടെ സ്ഥിരീകരണം.

എന്നാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പഞ്ചാബ് പൊലീസിലെ തീവ്രവാദ വിരുദ്ധവിഭാഗം അദ്ദേഹത്തെ സംരക്ഷിത തടങ്കലില്‍ വയ്ക്കുക മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

അസ്ഹറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടോ എന്നു പോലും സ്ഥിരീകരിക്കാന്‍ നേരത്തെ പാക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസ്ഹറിനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തതെന്നും പഠാന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്യുമെന്നും റാണാ പറഞ്ഞു. നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദിനെതിരെയുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

പഠാന്‍കോട്ട് ഭീകരാക്രമണ സൂത്രധാരനെന്നു കരുതപ്പെടുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലനാ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതായി വിവരമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്‌തെന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത പാക്കിസ്ഥാനും നിഷേധിച്ചിരുന്നു.

അത്തരമൊരു അറസ്റ്റിനെക്കുറിച്ചു തനിക്കറിയില്ലെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവന മാത്രമാണു തന്റെ പക്കലുള്ളതെന്നും പാക്ക് വിദേശകാര്യമന്ത്രാലയ വക്താവ് ഖാസി ഖലീലുല്ല ഇസ്‌ലാമാബാദില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് അസ്ഹര്‍ കസ്റ്റഡിയിലുണ്ടെന്ന് വിശദമാക്കി പാക്ക് മന്ത്രി രംഗത്തു വന്നിരിക്കുന്നത്.

Top