Jaish-e-Mohammad celebrates Pathankot Attack

ഇസ്ലാമാബാദ്: പഠാന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെയും പ്രതിരോധ ഏജന്‍സികളെയും പരിഹസിച്ചുകൊണ്ട് ജെയ്‌ഷെ മുഹമ്മദ്. പഠാന്‍കോട്ട് വ്യോമതോവളത്തില്‍ എങ്ങനെയാണ് ആക്രമണം നടത്തിയത് എന്ന് വിശദീകരിക്കുന്ന വീഡിയോയിലാണ് പരിഹാസം.

ജിഹാദികളെ തുരത്താനുള്ള സൈനിക നടപടി നീണ്ടത് ദൗത്യത്തിന്റെ വിജയമാണെന്നും ജയ്‌ഷെ മുഹമ്മദ് അവകാശപ്പെടുന്നു.

എത്ര ജിഹാദിസ്റ്റുകള്‍ ആക്രമണം നടത്തി എന്ന് പറയാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചില്ല എന്നാണ് ജെയ്‌ഷെ മുഹമ്മദ് കളിയാക്കുന്നത്. www.alqalamionline.com എന്ന വെബസൈറ്റിലാണ് വിഡിയോ ഉള്ളത്.

ആദ്യം അവര്‍ ആറുപേരെന്നു പറഞ്ഞു. പിന്നെ അത് ആഞ്ചായി. അതിന് ശേഷം നാലെന്നു പറഞ്ഞു. ഭീരുക്കളെ പോലെ കണ്ണീരണിഞ്ഞ് വലിയൊരു രാജ്യം വിരലുകള്‍ ചുണ്ടി കുറ്റം ആരോപിക്കുന്നതായും വീഡിയോയില്‍ പരിഹസിക്കുന്നു.

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍, ഷൂട്ടര്‍ ഫത്തേ സിംഗ് എന്നിവരുടെ ജീവത്യാഗത്തെ അപമാനിക്കുകയും ചെയ്യുന്നുണ്ട്. ആക്രമണത്തെക്കുറിച്ച് ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്താന്‍ സ്വീകരിക്കരുതെന്നും ഇന്ത്യയുടെ മുന്നില്‍ പാകിസ്താന്‍ മുട്ടുമടക്കുകയാണെന്നും വിഡിയോയില്‍ പറയുന്നു.

പതിമൂന്ന് മിനുട്ട് വരുന്ന വീഡിയോയില്‍ ഭീകരര്‍ എങ്ങനെയാണ് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയതെന്ന് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഹെലികോപ്റ്ററുകള്‍ക്കും ടാങ്കുകള്‍ക്കും നേരെ ഭീകരര്‍ നിറയൊഴിച്ചതായും അവകാശപ്പെടുന്നു. എന്നാല്‍ ഭീകരാക്രമണത്തില്‍ നിന്ന് വ്യോമസേനയുടെ ആസ്തികള്‍ സംരക്ഷിച്ചതായാണ് സൈന്യം പറയുന്നത്.

ജനവരി രണ്ടിനാണ് പഠാന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഏഴ് സൈനികരാണ് വീരമൃത്യുവരിച്ചത്. ആക്രമണം നടത്തിയ ആറ് തീവ്രവാദികളെയും 48 മണിക്കൂര്‍നീണ്ട പോരാട്ടത്തിനൊടുവില്‍ സുരക്ഷാ സൈന്യം വധിക്കുകയായിരുന്നു

Top