ഭീകരര്‍ക്കുമേല്‍ പിടിമുറുക്കി കേന്ദ്രം; മസൂദ് അസര്‍ അടക്കം നാലു പേരെ കൊടും ഭീകരരായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജെയഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കം നാലു പേരെ കൊടും ഭീകരരായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മസൂദ് അസര്‍, ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി, 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചത്.

മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎന്‍ സുരക്ഷാ സമിതി 2019 മെയ് 1-ന് പ്രഖ്യാപിച്ചിരുന്നു. അസറിന്റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് 2001-ല്‍ ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയത്. അതേ ഭീകര സംഘടനയാണ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരര്‍. പുല്‍വാമയില്‍ കാര്‍ ഇടിച്ചു കയറ്റി ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ കൊല്ലപ്പെട്ടത് 40 ജവാന്‍മാരാണ്.

മസൂദ് അസര്‍ 1994-ല്‍ കശ്മീരിലെ അനന്ത് നാഗില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 1999 ഡിസംബറില്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറില്‍ റാഞ്ചിയ ഭീകരര്‍ പകരം ആവശ്യപ്പെട്ടത് അസര്‍ അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു. അന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ആ ഭീഷണിയ്ക്ക് വഴങ്ങേണ്ടി വന്നു.

ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവ് ഹഫീസ് സയ്യീദ് എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. 2008-ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരന്‍. നാല് ദിവസങ്ങളാണ് ആക്രമണം നടന്നത്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 9 ഭീകരരും ഉള്‍പ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചു. 300-ലധികം പേര്‍ക്ക് അന്ന് പരിക്കേറ്റു.

ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാക്കിസ്ഥാനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. 1993-ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനപരമ്പരയുടെ സൂത്രധാരന്‍ ദാവൂദായിരുന്നു. 300-ഓളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ലിസ്റ്റിലുണ്ട് ദാവൂദും. ആഗോള തീവ്രവാദിയായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ദാവൂദിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് കഴിഞ്ഞ ജൂലൈയില്‍ പാസ്സാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചാല്‍ എന്‍ഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നല്‍കുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്റെ അനുമതി എന്‍ഐഎയ്ക്ക് തേടേണ്ടതില്ല.

Top