ഭീഷണിപ്പെടുത്തി പണം തട്ടി; ജെയ്സലിനെതിരെ കേസ്

മലപ്പുറം : പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്സലിനെതിരെ കേസ്. താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് ജെയ്സലിനെതിരെ പോലീസ്  കേസെടുത്തത്. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്തതിലൂടെയായിരുന്നു ജെയ്സൽ ശ്രദ്ധേയനായത്.

മനുഷ്യത്വത്തിന്റെ ആൾരൂപം എന്നൊക്കെയുള്ള വിശേഷണത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധേയനായ വ്യക്തിയായിരുന്നു ജയ്സൽ. അതേ ആളിൽ നിന്നാണ് മനുഷ്യത്വം ലവലേശമില്ലാത്ത പ്രവർത്തിയുണ്ടായിരിക്കുന്നത്. ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു യുവതിയും യുവാവും. ഇവരെ തടഞ്ഞ് നിർത്തി മൊബൈലിൽ ചിത്രം പകർത്തുകയായിരുന്നു ജയ്സൽ. ശേഷം നിങ്ങളെ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും പകർത്തിയ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

ഫോട്ടോ പ്രചരിപ്പിക്കാതിരിക്കാൻ ആവശ്യപ്പെട്ടതാകട്ടെ ഒരു ലക്ഷം രൂപയും. കയ്യിൽ പണമില്ലെന്ന് കരഞ്ഞുപറഞ്ഞ യുവാവിനോട് കരുണകാട്ടാൻ ജയ്സൽ തയ്യാറായില്ല. ഒടുവിൽ 5000 രൂപയെങ്കിലും വേണമെന്നും ഇത് നൽകിയാൽ വിട്ടയക്കാമെന്നും പറഞ്ഞു. കയ്യിൽ പണമില്ലാതിരുന്ന യുവാവ് 5000 രൂപ തന്റെ സുഹൃത്തിന്റെ കയ്യിൽ നിന്നും ഗൂഗിൾ പേ വഴി ജയ്സലിന് അയച്ച് കൊടുത്ത ശേഷമാണ് യുവതി-യുവാക്കളെ വിട്ടയച്ചത്. ഇതിന്റെ തെളിവ് അടക്കം പൊലീസിന് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.

Top