സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ദൈവത്തിനേ സാധിക്കു; ഗോയലിനെ പരിഹസിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ട്രോളി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് അല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനാണെന്ന പുതിയ കണ്ടെത്തലാണ്‌ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ നടത്തിയത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ അബദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പിയൂഷ് ഗോയലും മണ്ടത്തരം വിളമ്പിയത്.

അഞ്ചു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണബലം കണ്ടുപിടിക്കുന്നതിന് ഐന്‍സ്റ്റീനെ കണക്ക് സഹായിച്ചിട്ടില്ലെന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനക്കെതിരേയാണ് ജയറാം രമേശിന്റെ മറുപടി. ഇത്തരം മന്ത്രിമാര്‍ ചുറ്റുമുള്ളപ്പോള്‍ സമ്പദ് വ്യവസ്ഥയെ ദൈവത്തിന് മാത്രമേ രക്ഷിക്കാനാകൂവെന്നും അദ്ദേഹം പരിഹസിച്ചു.

അഞ്ച് ട്രില്യന്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥ ഉണ്ടാകണമെങ്കില്‍ രാജ്യത്തിന് 12% വളര്‍ച്ചാനിരക്ക് ആവശ്യമാണ്. ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് ആറ് ശതമാനമാണ് എന്നൊക്കെയുള്ള, ടെലിവിഷനുകളില്‍ പറയുന്ന കണക്കുകള്‍ ശ്രദ്ധിക്കേണ്ടതില്ല. അങ്ങനെയുള്ള കണക്കുകളല്ല ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റൈനെ സഹായിച്ചിട്ടുള്ളത് എന്നായിരുന്നു ഐന്‍സ്റ്റെന്റെ പ്രതികരണം. കൃത്യമായ സൂത്രവാക്യങ്ങളും മുന്‍കാല അറിവുകള്‍ക്കും പിന്നാലെ പോയിരുന്നെങ്കില്‍ ലോകത്ത് പുതിയ യാതൊരു കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ലെന്നും – ഗോയല്‍ പറഞ്ഞു.

‘ന്യൂട്ടന്‍ നേരത്തെ തന്നെ ഗുരുത്വാകര്‍ഷണബലം കണ്ട് പിടിച്ചതിനാല്‍ ഐന്‍സ്റ്റീന് ഗുരുത്വാകര്‍ഷം കണ്ടെത്താന്‍ കണക്കുകള്‍ ആവശ്യമുണ്ടായിരുന്നില്ല. ന്യൂട്ടന് മുമ്പ് തന്നെ നമ്മുടെ പൂര്‍വികര്‍ ഗുരുത്വാകര്‍ഷണബലം കണ്ടുപുടിച്ചിരുന്നുവെന്ന് മന്ത്രി പറയുന്നതിനായി കാത്തിരിക്കുകയാണ്. ഇത്തരം മന്ത്രിമാരില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കുവെന്നും’ ജയറാം രമേശ് ട്വീറ്റ് ചെയ്തു. പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

Top