പരിഹരിക്കാവുന്ന പ്രശ്നങ്ങളേ രാജസ്ഥാന്‍ കോൺഗ്രസിലുള്ളൂവെന്ന് ജയറാം രമേശ്.

പരിഹരിക്കാവുന്ന പ്രശ്നങ്ങളേ രാജസ്ഥാന്‍ കോൺഗ്രസിലുള്ളൂവെന്ന് പാർട്ടി വക്താവ് ജയറാം രമേശ്. അശോക് ഗലോട്ട് അനുഭവ സമ്പത്തുള്ള നേതാവാണെന്നും സച്ചിൻ പൈലറ്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് കരുതുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയോ മറ്റ് നേതാക്കളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ഗലോട്ടും, അവസാന ഒരു വർഷം പദവി വേണമെന്ന നിലപാടിൽ സച്ചിൻ പൈലറ്റും നിൽക്കുകയാണ്.

അശോക് ഗെലോട്ടിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതലയെന്ന് ഓർമ്മിപ്പിച്ച സച്ചിൻ പൈലറ്റ്, അവിടെ തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കുകയാണ് ഗെലോട്ട് ചെയ്യേണ്ടതെന്നും പറഞ്ഞു. ആർക്കെതിരെയും ചെളിവാരിയെറിയാനില്ല. തന്നെ ഉപദ്രവിക്കാൻ ആരാണ് ഉപദേശം നൽകുന്നതെന്ന് മനസിലാകുന്നില്ലെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് രാജസ്ഥാനിൽ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇക്കുറിയും മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലാപം. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം. ഡിസംബര്‍ വരെ കാക്കുമെന്നാണ് സച്ചിൻ പക്ഷത്തിന്റെ മുന്നറിയിപ്പ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും ശക്തമാണ്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ വിഭാഗവും മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്നാണ് മുന്നറിയിപ്പ്.

Top