ബിജെപിയുടെ ധ്രുവീകരണ-ഇഡി-സിബിഐ രാഷ്ട്രീയം ജനങ്ങള്‍ തള്ളിക്കളയും; ജയറാം രമേശ്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വോട്ട് തേടുന്നതെന്ന് ജയറാം രമേശ്. ബിജെപിയുടെ ധ്രുവീകരണ-ഇഡി-സിബിഐ രാഷ്ട്രീയം ജനങ്ങള്‍ തള്ളിക്കളയും. പ്രധാനമന്ത്രി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഭയം മൂലമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആരോപിച്ചു.

ധ്രുവീകരണവും, ഇഡി-സിബിഐ രാഷ്ട്രീയ ദുരുപയോഗവുമാണ് ബിജെപിയുടെ ഏക തന്ത്രം. ഇതല്ലാതെ മറ്റൊരു തന്ത്രവും ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. മോദിയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

”കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന്‍ ഒരു മാതൃകാ സംസ്ഥാനമായി മാറി, അതില്‍ പ്രധാനമന്ത്രി ഭയപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ കാരണങ്ങള്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി ഇഡിയെയും സിബിഐയെയും അയച്ചു. പ്രധാനമന്ത്രിയും കൂട്ടാളികളും ആവര്‍ത്തിച്ച് സംസാരിക്കുന്നത് ധ്രുവീകരണത്തിന്റെ ഭാഷയാണ്”- രമേശ് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നുവെന്ന് ഉദയ്പൂരില്‍ നടന്ന പൊതുയോഗത്തില്‍ നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

Top