മോഷണകുറ്റം; ദളിത് സഹോദരങ്ങള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം

ജയ്പൂര്‍: മോഷണകുറ്റം ആരോപിച്ചു ദളിത് സഹോദരങ്ങള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ജയ്പൂരില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഗൗറിലെ പെട്രോള്‍ പമ്പില്‍വച്ചാണു സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

ഞായറാഴ്ച സഹോദരനുമൊത്തു പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങാനെത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ ഇവരെ മോഷണക്കുറ്റമാരോപിച്ചു തല്ലിയത്. ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

യുവാക്കളെ കെട്ടിയിട്ടു വസ്ത്രമഴിച്ചു സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു ക്രൂരമായി ഉപദ്രവിക്കുന്നതും ജനനേന്ദ്രിയങ്ങളിലടക്കം പെട്രോള്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെട്രോള്‍ പമ്പിലെ ജീവനക്കാരനടക്കം പത്തോളം പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്.

സഹോദരന്‍മാരുടെ പരാതിയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Top