ഷൂട്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ സീനുകള്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് മനസിലായി ; നെല്‍സണ്‍ ദിലീപ് കുമാര്‍

ജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ നിരവധി ആശയക്കുഴപ്പങ്ങളോടെ ചെയ്ത സിനിമയായിരുന്നു ജയിലര്‍ എന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. സിനിമയിലെ പ്രധാന പ്രശ്‌നം രജനികാന്തിന്റെ പ്രായമായിരുന്നു എന്നും ആരാധകര്‍ അത് അംഗീകരിക്കില്ല എന്ന് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ വരെ പറഞ്ഞതായും നെല്‍സണ്‍ വ്യക്തമാക്കി. ഫിലിം കംപാനിയന്‍ ഡയറക്ടേഴ്‌സ് അഡ്ഡ 2023 എന്ന പരിപാടിയിലാണ് നെല്‍സണ്‍ ജയിലറിനെ കുറിച്ച് സംസാരിച്ചത്.

‘രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. ജയിലറിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എനിക്ക് നിരവധി സംശയങ്ങളുണ്ടായിരുന്നു. ഈ സിനിമ ചെയ്യും എന്ന് എന്നെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. പല കാരണങ്ങളാല്‍ സിനിമയുടെ പ്രൊഡക്ഷന്‍ സമയം മുതലെ ആശയക്കുഴപ്പങ്ങളുണ്ടായി. ഏറ്റവും വലിയ വെല്ലുവിളി രജനികാന്തിന്റെ പ്രായം പ്രേക്ഷകര്‍ ഏറ്റെടുക്കുക എന്നായിരുന്നു. ”അദ്ദേഹം ഇതുവരെ ചെയതത് പോലെ തന്നെ ചെയ്യട്ടെ, പ്രായം മാറ്റേണ്ടതില്ല’, എന്നായിരുന്നു സിനിമ മേഖലയില്‍ നിന്ന് പോലും എല്ലാവരും പറഞ്ഞിരുന്നത്. ‘എനിക്ക് ഒരേസമയം ആത്മവിശ്വാസവും ആത്മവിശ്വാസക്കുറവും ഉണ്ടായി’, നെല്‍സണ്‍ പറഞ്ഞു. ‘സിനിമ പരാജയപ്പെട്ടാലും അത് എന്റെ റിസ്‌ക്കില്‍ ഏറ്റെടുക്കാന്‍ ഞാന്‍ തയാറായിരുന്നു. മറ്റുള്ളവര്‍ എന്നോട് അങ്ങനെ പറഞ്ഞതുകൊണ്ട് ഞാന്‍ തീരുമാനം മാറ്റാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഷൂട്ട് തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ സീനുകള്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി. അപ്പോള്‍ നല്ല ആത്മവിശ്വാസം തോന്നി’, സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Top