ജയിലര്‍ ഒടിടിയില്‍ എത്താനൊരുങ്ങുന്നു; സെപ്റ്റംബര്‍ 7ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഹിറ്റ് ചിത്രം ജയിലര്‍ ഒടിടിയില്‍ എത്താനൊരുങ്ങുന്നുവെന്ന് സൂചന. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ജയിലര്‍ ഇപ്പോഴും പല തീയറ്ററുകളിലും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, ,കേരള ഇങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലര്‍ സെപ്റ്റംബര്‍ 7ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും ജയിലര്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ കോളിവുഡിലെ ആദ്യ മൂന്ന് ഹിറ്റുകളില്‍ ഇടംനേടിയിട്ടുണ്ട് ജയിലര്‍. ഒന്നാം സ്ഥാനം രജനിയുടെ തന്നെ 2.0യ്ക്കാണ്. രണ്ടാം സ്ഥാനം പൊന്നിയന്‍ സെല്‍വന്‍ 1 നേടി. മൂന്നാം സ്ഥാനത്താണ് നിലവില്‍ ജയിലര്‍. എന്നാല്‍ വൈകാതെ തന്നെ ജയിലര്‍ പൊന്നിയന്‍ സെല്‍വനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണന്‍, തമന്ന, വിനായകന്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നല്‍കിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങളാണ് ചാര്‍ട്ട്ബസ്റ്ററുകളായി മാറിയത്.

Top