‘വിക്ര’ത്തിന്റെ ലൈഫ് ടൈം കളക്ഷന്‍ ജയിലർ ഏഴു ദിവസം കൊണ്ട് മറികടന്നതായി റിപ്പോർട്ട്

ചെന്നൈ : നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ എത്തിയ രജനി ചിത്രം’ജയിലർ’ ബോക്സോഫീസില്‍ ഏഴാം ദിനത്തിലും കരുത്ത് കാട്ടുകയാണ്.ആഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന് 15 കോടിയിലധികം നേടിയെന്നാണ് വിവരം. ഏഴ് ദിവസം കൊണ്ട് കമല്‍ഹാസന്‍ ലോകേഷ് കനകരാജ് ചിത്രമായ ‘വിക്രത്തിന്റെ’ ലൈഫ് ടൈം കളക്ഷനെയും ജയിലര്‍ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഓഗസ്റ്റ് 10നാണ് വിവിധ ഭാഷകളില്‍ ജയിലര്‍ റിലീസായത്. ഓഗസ്റ്റ് 16ലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 400 കോടിയും കടന്ന് മുന്നേറുകയാണ്. ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ഇതുവരെ ചിത്രം 225.65 കോടി നേടിയിട്ടുണ്ട്. ഇതില്‍ ബുധനാഴ്ച ചിത്രം നേടിയത് 15 കോടിയാണ്. അതേ സമയം യുഎസ്എ, യുഎഇ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ചിത്രം മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത്.

തമിഴിലെ ഏറ്റവും കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് ജയിലര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ് പറയുന്നത്. 2.0, പിഎസ് 1 എന്നിവയ്ക്ക് പിന്നിലാണ് ഇപ്പോള്‍ ജയിലര്‍ ഈ ചിത്രങ്ങളെയും ജയിലര്‍ മറികടക്കാന്‍ സാധ്യതയുണ്ട്. അതേ സമയം കഴിഞ്ഞ ദിവസമാണ് ജയിലര്‍ വിക്രം ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്നത്. അതും വെറും 7 ദിവസത്തില്‍.

കേരളത്തിലെ ബോക്സോഫീസില്‍ മാത്രം 33 കോടിയോളം ഓഗസ്റ്റ് 15വരെയുള്ള കണക്കില്‍ ജയിലര്‍ നേടിയെന്നാണ് വിവരം. ആദ്യദിനത്തില്‍ ജയിലര്‍ കേരളത്തില്‍ 5.85 കോടി നേടിയാണ് ബോക്സോഫീസ് ഓപ്പണിംഗ് നടത്തിയത്. പിന്നീട് 4.80 കോടി, 6.15 കോടി,6.85 കോടി, 4.50 കോടി, 5.45 കോടി എന്നിങ്ങനെയായിരുന്ന കളക്ഷന്‍. വിതരണക്കാര്‍ക്ക് വന്‍ ലാഭമായിരിക്കും ജയിലര്‍‌ എന്നാണ് സിനിമ ലോകത്തെ സംസാരം.

Top