ജയിലര്‍ ആഗോള തലത്തിൽ നേടിയത്, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട്

ജനികാന്ത് നായകനായെത്തി വമ്പൻ വിജയമായ ചിത്രമാണ് ജയിലര്‍. മാസും ക്ലാസുമായ നായകനായിട്ട് രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ജയിലര്‍ക്ക് ലഭിച്ചത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയം. രാജ്യമൊട്ടാകെ സ്വാകാര്യത നേടിയെന്നതാണ് രജനികാന്ത് ചിത്രത്തിന്റെ വിജയത്തെ പ്രത്യേകതയുള്ളതാക്കുന്നത്. രജനികാന്ത് നായകനായ ജയിലറിന്റെ അവസാന കളക്ഷൻ റിപ്പോര്‍ട്ടുകള്‍ എന്ന് വ്യക്തമാക്കി ട്രേഡ് അനലിസ്റ്റുകളായ മൂവിമീറ്റര്‍ പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ജയിലര്‍ തമിഴകത്ത് മാത്രം 205 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് 88 കോടിയും നേടി. കേരളത്തില്‍ നിന്ന് നേടിയത് 58.50 കോടി രൂപയാണ്. കര്‍ണാടകയില്‍ നിന്ന് ജയിലര്‍ 71.50 കോടി രൂപയും നേടിയപ്പോള്‍ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് നേടാനായത് 17 കോടിയും വിദേശത്ത് നിന്ന് നേടിയത് 195 കോടിയും അങ്ങനെ ആകെ 635 കോടിയും ആണെന്ന് മൂവിമീറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്രം കളക്ഷനില്‍ പല റെക്കോര്‍ഡുകളും ഭേദിച്ചാണ് മുന്നേറിയത് എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് വലിയ ആരവമുണ്ടാക്കാൻ രജനികാന്ത് ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ‘ജയിലറി’നെ സ്വീകരിച്ചതും. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ശിവ രാജ്‍കുമാര്‍ കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി ‘ജയിലറി’ന്റെ ഭാഗമായി.

സംവിധാനം നെല്‍സണ്‍ ആയിരുന്നു. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രജനികാന്തിന്റെ ജയിലറിനായി അനിരുദ്ധ രവിചന്ദര്‍ സംഗീതം പകര്‍ന്നപ്പോള്‍ ഗാനങ്ങള്‍ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും പ്രധാന താരങ്ങള്‍ക്ക് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്’ ജയിലറി’ന്റെ മറ്റൊരു ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെ ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top