ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ‘ജയിലർ’; 500 കോടിയലധികം കളക്ഷൻ നേടിയെന്ന് റിപ്പോർട്ട്

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടരുകയാണ് രജനികാന്തിന്റെ ‘ജയിലർ’. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രം ആളെക്കൂട്ടുന്നു. ഇപ്പോഴിതാ ‘ജയിലർ’ 500 കോടിയലധികം കളക്ഷൻ നേടിയെന്നതാണ് റിപ്പോർട്ട്.

‘ജയിലർ’ 514.25 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇത് വെറും 10 ദിവസത്തിനുള്ളിലാണ്. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഹൗസ് ഫുളാണ് ഷോയാണ് തിയറ്ററുകളിൽ നടക്കുന്നത്.

അടിമുടി രജനികാന്ത് നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രമാണ് ‘ജയിലർ’. സാധാരണക്കാരനായുള്ള ആരംഭത്തിൽ നിന്ന് പതുക്കെ ചിത്രം പുരോഗമിക്കുമ്പോൾ മാസ് നായകനായി മാറുന്ന രജനികാന്ത് കഥാപാത്രത്തെയാണ് ‘ജയിലറി’ൽ കാണാനാകുക. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകർ ഇപ്പോൾ ‘ജയിലറി’നെ സ്വീകരിക്കുന്നതും.

മലയാളത്തിൽ നിന്ന് മോഹൻലാലും എത്തിയപ്പോൾ ചിത്രത്തിൽ കന്നഡയിൽ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയിൽ നിന്ന് ജാക്കി ഷ്രോഫും എത്തി മാസായപ്പോൾ തെലുങ്കിൽ നിന്ന് സുനിൽ ചിരി നമ്പറുകളുമായും ‘ജയിലറി’നെ ആകർഷകമാക്കിയിരിക്കുന്നു.

രജനികാന്തിനെ നെൽസൺ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനിൽ, കിഷോർ, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ൽ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്.

വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങൾ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സൺ പിക്ചേഴ്‍സ് ചിത്രം നിർമിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങൾക്ക് രജനികാന്ത് ചിത്രത്തിൽ അർഹിക്കുന്ന ഇടം നൽകിയിരിക്കുന്നു എന്നതാണ്’ ജയിലറി’ന്റെ പ്രധാന ആകർഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ്.

Top