വിവിധ ഭാഷകളില്‍ ഓരേ സമയം ടെലിവിഷന്‍ പ്രീമിയര്‍ നടത്തിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടം കൈവരിച്ച് ജയ്‌ലര്‍

വിവിധ ഭാഷകളില്‍ ഓരേ സമയം ടെലിവിഷന്‍ പ്രീമിയര്‍ നടത്തിയ ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ജയ്‌ലര്‍. ദീപാവലിയോട് അനുബന്ധിച്ചാണ് ചിത്രം ടെലിവിഷനിലെത്തിയത്. തമിഴില്‍ സണ്‍ ടിവി, തെലുങ്കില്‍ ജെമിനി ടിവി, കന്നഡയില്‍ ഉദയ ടിവി, ഹിന്ദിയില്‍ സ്റ്റാര്‍ ഗോള്‍ഡ് ഇന്ത്യ തുടങ്ങിയ ചാനലിലാണ് ചിത്രം പ്രീമിയര്‍ ചെയ്തത്. രജനി ചിത്രം പ്രദര്‍ശിപ്പിച്ച ടെലിവിഷന്‍ ചാനലുകളുടെ ടി. ആര്‍.പി കൂടിയിട്ടുണ്ട്.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് ഒമ്പതിനാണ് തിയറ്ററുകളിലെത്തിയത്. ചിത്രം 650 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. 205 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സമാഹരിച്ചത്. കേരളത്തില്‍ നിന്ന് 58 കോടിയും ആന്ധ്ര- തെലങ്കാനയില്‍ നിന്ന് 88 കോടിയുമാണ് ചിത്രം നേടിയത്. കര്‍ണാടകയിലെ കളക്ഷന്‍ 71 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് 17 കോടിയും ജയിലര്‍ സമാഹരിച്ചിട്ടുണ്ട്. 195 കോടിയാണ് മറ്റുരാജ്യങ്ങളില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്.

ജയിലറില്‍ രജനിക്കൊപ്പം വന്‍ താരനിരയാണ് അണിനിരന്നത്. മലയാളി താരം വിനായകനായിരുന്നു വില്ലന്‍. രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചത്.

Top