ജയിലുകളില്‍ പരിശോധന കര്‍ശനമാക്കും ; ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലില്‍ നിന്നും മൊബൈല്‍ഫോണുകള്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തുകയും കൊടിസുനിയുടെ ഭീഷണി ഫോണ്‍കോള്‍ ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില തടവുകാരെ ജയില്‍ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജയില്‍ ഗേറ്റുകളുടെ ചുമതല സ്‌കോര്‍പിയോണ്‍ സംഘത്തെ ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ സി ജോസഫിന്റെ നിയമസഭയിലെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ജയിലുകളില്‍ ജാമറുകള്‍ ഘടിപ്പിക്കുമെന്ന് അറിയിച്ചത്.

അതേസമയം ഇടുക്കിയില്‍ നെടുങ്കണ്ടത്ത് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും പൊലീസ് സംവിധാനം ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയില്‍ കുറ്റപ്പെടുത്തി.

പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ പൊലീസ് പീഡിപ്പിച്ചുവെന്നും കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന ആശങ്കയും ഗുരുതര സാഹചര്യവും ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ കസ്റ്റഡി മരണത്തില്‍ എസ്.ഐ അടക്കം നാല് പേരെ സസ്പെന്‍ഡ് ചെയ്തെന്നും 5 പേരെ സ്ഥലം മാറ്റിയെന്നും ഇന്ന് അടിയന്തരാവസ്ഥയുടെ ഓര്‍മ്മ ദിവസമാണെന്നും അതേ ദിവസം തന്നെ കസ്റ്റഡി മരണത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ടി വരുന്നത് വിധിവൈപരീത്യം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ലെന്നും മരണത്തിന് ഉത്തരവാദി ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top