ജെയ്ക് സി തോമസ് വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകള്‍ ഗീതുവാണ് വധു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തോമസ് ഐസക്, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, മാണി സി.കാപ്പന്‍, സിപിഎം നേതാക്കളായ പി.ജയരാജന്‍, വി.എന്‍.വാസവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെ, ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. സിപിഎം ജില്ല സെക്രട്ടറി വി.എന്‍ വാസവന്‍ ചടങ്ങിനെത്തിയവര്‍ക്ക് സ്വാഗതം പറഞ്ഞു. മാതാപിതാക്കള്‍ എടുത്ത് നല്‍കിയ ചുവന്ന ഹാരം വധുവരന്‍മാര്‍ പരസ്പരം അണിഞ്ഞു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ ജെയ്ക് പരേതനായ ചിറയില്‍ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്.

എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വന്ന യുവനേതാവാണ് ജെയ്ക് സി തോമസ്. 2016ല്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ജെയ്ക് 2016 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2016 തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ജെയ്ക്.

Top