‘ജയ്ശ്രീറാം’ വിളി ഇന്ന് പ്രകോപനപരമായ യുദ്ധ വിളി;മോദിയ്ക്ക് 49പേര്‍ ഒപ്പുവെച്ച കത്ത്

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖര്‍ ഒപ്പുവെച്ച കത്ത്.നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

പ്രിയപ്പെട്ട പ്രധാനമന്ത്രി, മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. 2016-ല്‍ 840-ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദളിതര്‍ക്കെതിരെ നടന്നിട്ടുണ്ടെന്ന ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ്.

ഖേദകരമെന്ന് പറയട്ടെ, ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറിയിരിക്കുകയാണ്. നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരില്‍ നടക്കുന്നതാണെന്നും കത്തില്‍ പറയുന്നു.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമാകില്ല. ഒരു ഭരണകക്ഷിയും അവര്‍ ഭരിക്കുന്ന രാജ്യത്തിന്റെ പര്യായമല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി തുലനം ചെയ്യാനാവില്ല. വിയോജിപ്പുകള്‍ എതിര്‍ക്കപ്പെടാത്ത തുറന്ന അന്തരീക്ഷത്തില്‍ മാത്രമേ ശക്തമായ ഒരു രാഷ്ട്രത്തെ വാര്‍ത്തെടുക്കാനാവൂ എന്നും കത്തില്‍ പറയുന്നു.

ചലച്ചിത്ര പ്രവര്‍ത്തകരായ അനുരാഗ് കശ്യപ്, മണി രത്നം, സാമൂഹിക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു, എഴുത്തുകാരന്‍ അമിത് ചൗധരി തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Top