ജയ്ശ്രീറാം വിളി; മുദ്രാവാക്യം വിളിച്ചാല്‍ ഭയക്കില്ല, നേര്‍ക്കുനേര്‍ സംസാരിക്കാമോ എന്ന് മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മമതയ്ക്ക് നേരെ ജയ്ശ്രീറാം വിളി. ആരാംബാഗ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ചന്ദ്രകോണ പട്ടണത്തില്‍ എത്തിയപ്പോഴാണ് മമതയുടെ വാഹനവ്യൂഹത്തിന് നേരെ ജയ്ശ്രീറാം വിളികള്‍ മുഴങ്ങിയത്.

ഉടന്‍ തന്നെ മമത വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് പുറത്തിറങ്ങി. മമത പുറത്തിറങ്ങിയതും അതുവരെ ജയ്ശ്രീറാം മുഴക്കിയവര്‍ മിണ്ടാതായി. ‘നിങ്ങളെന്തിനാണ് ഓടുന്നത്. എന്നെ പലതും വിളിച്ചിട്ട്, ഹരിദാസ്’ എന്ന് പിറുപിറുത്ത് കൊണ്ട് മമത തിരികെ വണ്ടിയിലേക്ക് കയറുകയായിരുന്നു. തനിക്കിരിലേക്ക് വന്ന് നേര്‍ക്ക്‌നേര്‍ സംസാരിക്കാമോ എന്ന് മമത ചോദിച്ചെങ്കിലും അവരെല്ലാം സ്ഥലം പിന്മാറുകയായിരുന്നു. (ബംഗാളികള്‍ക്കിടയിലെ സാങ്കല്‍പിക കഥാപാത്രമാണ് ഹരിദാസ് പാല്‍. അറിവും കുലീനത്വവുമുള്ള കഥാപാത്രമാണെങ്കിലും സ്വയം മഹാനെന്ന മിഥ്യാബോധമുള്ള ആളുകളെ കളിയാക്കാനാണ് പൊതുവെ ഹരിദാസ് എന്ന പേര് ഉപയോഗിക്കാറ്).

പിന്നീട് നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവെ സംഭവത്തെ മമത പരാമര്‍ശിച്ചു. തനിക്കെതിരേ മുദ്രാവാക്യം വിളിച്ചാല്‍ താന്‍ ഭയപ്പെടില്ലെന്നും ലോക്സഭയ്ക്ക് ശേഷം ഇത്തരക്കാര്‍ ബംഗാളില്‍ തന്നെ ഉണ്ടാകുമെന്നത് ഓര്‍ത്താല്‍ നന്നെന്നും മമത താക്കീത് നല്‍കി.

സംഭവത്തിനു ശേഷം രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. മുഖ്യമന്ത്രിയെ അപമാനിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Top