ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്ത് ജയ് ഷാ തുടരും

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്ത് ജയ് ഷാ ഒരു വര്‍ഷത്തേയ്ക്ക് കൂടി തുടരും. ഇന്ന് ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിലാണ് തീരുമാനം. ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ് ഷമി സില്‍വയാണ് ജയ് ഷായെ നാമനിര്‍ദ്ദേശം ചെയ്തത്. പിന്നാലെ എതിര്‍പ്പുകളില്ലാതെ അംഗങ്ങള്‍ നാമനിര്‍ദ്ദേശം അംഗീകരിച്ചു.

ഏഷ്യന്‍ ക്രിക്കറ്റിന്റെ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് ജയ് ഷാ പ്രതികരിച്ചു. ഏഷ്യയിലെ അസോസിയേറ്റ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ ക്രിക്കറ്റ് എത്തിക്കാന്‍ ശ്രമിക്കും. അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് ക്രിക്കറ്റ് പ്രക്ഷേപകര്‍ വഴി സാമ്പത്തിക സഹായം ചെയ്യുമെന്നും ജയ് ഷാ വ്യക്തമാക്കി.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തെത്തുന്നത്. 2021ല്‍ ആദ്യമായി ഏഷ്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് ജയ് ഷാ എത്തി. 2022ല്‍ ഏഷ്യാ കപ്പ് ട്വന്റി 20 ഫോര്‍മാറ്റിലും 2023ല്‍ ഏകദിന ഫോര്‍മാറ്റിലും നടത്തിയതാണ് ജയ് ഷായുടെ പ്രധാന നേട്ടം.

Top