ചുവപ്പ് ‘കനൽ’ ഒരു തരിമതിയെന്ന് ഓർമ്മപ്പെടുത്തിയ പോരാട്ടവീര്യം !

ചുവപ്പ് ഒരു തരിമതി’ ആളിപ്പടരാന്‍ എന്നത് തമിഴ് നാട്ടിലും വളരെ മുന്‍പേ തന്നെ കമ്യൂണിസ്റ്റുകള്‍ തെളിയിച്ചിട്ടുള്ള കാര്യമാണ്. അധികാരി വര്‍ഗ്ഗത്തെ വിറപ്പിച്ച നിരവധി പ്രക്ഷോഭങ്ങള്‍ തമിഴകത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. കുത്തക മാധ്യമങ്ങള്‍ മുഖം തിരിച്ചതിനാല്‍ അവയില്‍ പലതിനും വേണ്ടത്ര വാര്‍ത്താ പ്രാധാന്യവും ലഭിച്ചിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമ്യൂണിസ്റ്റുകള്‍ ഇടപെട്ട് നടത്തിയ ഒരു പോരാട്ടം ഇന്ന് രാജ്യം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. ഇതിനു വഴി ഒരുക്കിയതാകട്ടെ നടന്‍ സൂര്യയും ജ്ഞാനവേലു എന്ന സംവിധായകനുമാണ്. ജയ് ഭീം എന്ന സിനിമയാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ഹൈക്കോടതി മുന്‍ ജഡ്ജി ചന്ദ്രുവിന്റെ ജീവിതകഥയിലൂടെ ഇവര്‍ പറഞ്ഞിരിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ട ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട ഒരു ജനതയുടെ കണ്ണീരിന്റെ കഥകൂടിയാണ്. നിര്‍മ്മാണ ചുമതലയാണ് നടന്‍ സൂര്യ ആദ്യം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഈ കഥ പലവട്ടം വായിച്ചതോടെ നായക വേഷം ചെയ്യാമെന്ന ആഗ്രഹം സംവിധായകനു മുന്നില്‍ പ്രകടിപ്പിച്ചതും സൂര്യ തന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിനു വേണ്ടിയുള്ള ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഇടപെടല്‍ അത്രയ്‌ക്കേറെ സൂര്യയെ സ്വാധീനിച്ചിരുന്നു. കമ്യൂണിസ്റ്റുകളെ ഹീറോയാക്കുന്ന സിനിമയില്‍ നായകനായാല്‍ തിരിച്ചടിക്കില്ലേ എന്ന അടുപ്പക്കാരുടെ ചോദ്യങ്ങള്‍ക്കു പോലും സൂര്യയുടെ തീരുമാനത്തെ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

കര്‍ഷകരുടെ കണ്ണീരിന്റെ കഥ പറഞ്ഞ ‘കത്തി’ എന്ന സിനിമയില്‍ കമ്യൂണിസത്തെ കുറിച്ച് വിജയ് പറയുന്ന ഒറ്റ ഡയലോഗിന് ലഭിച്ച കയ്യടിയാണ് ഇതിനു മറുപടിയായി സൂര്യ ചൂണ്ടിക്കാട്ടിയിരുന്നത്. സൂര്യ എടുത്ത ആ ധീരമായ തീരുമാനം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൊമേഴ്ഷ്യല്‍ ബാനറില്‍ തന്നെ പുറത്തിറക്കിയ സിനിമക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇതിലെ അഭിനേതാക്കള്‍ സൂര്യ ഉള്‍പ്പെടെ എല്ലാവരും സിനിമയില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്. 95 ശതമാനവും യഥാര്‍ത്ഥ കഥയോട് നീതി പുലര്‍ത്തി എന്നുള്ളതാണ് ‘ജയ് ഭീമിന്റെ ” വിജയത്തിന് തിളക്കമേറ്റുന്നത്.

1993ല്‍ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമമായ കമ്മാപുരത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ സിനിമയില്‍ അന്ന് കേസ് വാദിച്ച ചന്ദ്രുവെന്ന അഭിഭാഷകനാണ് നാടിനെ ഞെട്ടിച്ച അരും കൊല കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നത്. ഈ ചന്ദ്രു പിന്നീട് ഹൈക്കോടതി ജഡ്ജിയായും വിപ്ലവകരമായ നിരവധി വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. സിനിമയില്‍ ചന്ദ്രുവിന്റെ വേഷമാണ് സൂര്യ കൈകാര്യം ചെയ്തിരിക്കുന്നത്.

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യോഗത്തിനായി നെയ്വേലി അടുത്തുള്ള ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന പരാതിയുമായി രാജാക്കണ്ണിന്റെ ഭാര്യയാണ് കമ്യൂണിസ്റ്റുകാരനും അഭിഭാഷകനുമായ ചന്ദ്രുവിനെ സമീപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അദ്ദേഹം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുകയാണുണ്ടായത്. രാജക്കണ്ണിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത സഹോദരിയുടെ മക്കളായ രണ്ട് പേരെയും അന്നു കാണാനില്ലായിരുന്നു. കോടതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സ്വീകരിച്ചതോടെ മൂന്നു പേരും സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വാദിച്ചിരുന്നത്.

പ്രതികള്‍ എന്നു ആരോപിക്കപ്പെട്ട മൂന്ന് പേരും സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നുള്ളതിന് ചില കള്ളസാക്ഷികളേയും പൊലീസ് കോടതിയില്‍ ഹാജരാക്കുകയുണ്ടായി. എന്നാല്‍ പൊലീസിന്റെ ഈ വാദങ്ങളെല്ലാം ചന്ദ്രു പൊളിച്ചടുക്കുകയാണ് ഉണ്ടായത്. സാക്ഷികളെ വിസ്താരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയത് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട രാജക്കണ്ണിന്റെ സഹോദരിയുടെ മക്കളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക എന്നുള്ളതായിരുന്നു.

ഒടുവില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും അവരെ കണ്ടെത്തി കോടതിയില്‍ എത്തിച്ച് വിസ്താരം നടത്തിയപ്പോഴാണ് രാജക്കണ്ണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടെതാണെന്നും ഇതൊരു കൊലാപതക കേസ് ആണെന്നും കോടതിക്ക് ബോധ്യമായിരുന്നത്. രാജക്കണ്ണിനെ കാണാതായതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും തെളിയക്കപ്പെട്ടതോടെ രാജക്കണ്ണിന്റെ ഭാര്യക്ക് നഷ്ടപരിഹാരം കൊടുക്കാനും അവരുടെ ഗ്രാമത്തിലൊരു വീട് വെച്ചുകൊടുക്കാനും ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

ഇതോടൊപ്പം തന്നെ ഐജി പെരുമാള്‍ സ്വാമിയുടെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ അന്വേഷണ സംഘത്തെയും കോടതി ഇടപെട്ട് നിയമിക്കുകയുണ്ടായി. മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്നായിരുന്നു കോടതി നല്‍കിയിരുന്ന നിര്‍ദേശം. അന്വേഷണത്തിനൊടുവില്‍ രാജക്കണ്ണിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് ഐജി പെരുമാള്‍ സ്വാമി കോടതിയില്‍ സമര്‍പ്പിച്ചതോടെ പൊലീസിന്റെ തിരക്കഥയാണ് പൊളിഞ്ഞത്.

ഈ കേസ് പിന്നീട് വിചാരണക്കായി കടലൂര്‍ സെഷന്‍ കോടതിയിലേക്ക് ഹൈക്കോടതി ഇടപെട്ട് മാറ്റുകയുണ്ടായി. വിചാരണയ്ക്ക് ഒടുവില്‍ പൊലീസുകാരായ എല്ലാ പ്രതികള്‍ക്കും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. ഈ കഥയാണ് ഒരു യാത്രയില്‍ സംവിധായകനായ ജ്ഞാനവേലുവിനോട് ജസ്റ്റിസ് ചാന്ദ്രു പറഞ്ഞിരുന്നത്. അതാണ് ഇപ്പോള്‍ സിനിമയാക്കപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ തുടക്കം മുതല്‍ ഇരുളര്‍ വിഭാഗത്തില്‍പ്പെട്ട ഇരയുടെ കുടുംബത്തിനുവേണ്ടി പോരാടിയത് സി.പി.എമ്മാണ്.

ചെങ്കൊടിയുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും സജീവ സാന്നിധ്യത്തിലൂടെ സിനിമയിലും അക്കാര്യം സംവിധായകന്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. മുന്‍ എസ്.എഫ്.ഐ നേതാവായിരുന്ന ചന്ദ്രുവിനെ കേസ് ഏല്‍പ്പിക്കാന്‍ രാജാക്കണിന്റെ ഭാര്യയോട് നിര്‍ദ്ദേശിച്ചതു തന്നെ കമ്യൂണിസ്റ്റ് നേതാക്കളാണ്. യഥാര്‍ത്ഥ ജീവിതമെടുത്താല്‍ നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായ കെ.ബാലകൃഷ്ണന്‍ അതില്‍ പ്രധാനിയാണ്.

ജയ് ഭീം സിനിമയില്‍ പ്രധാനപ്പെട്ട പാര്‍ട്ടിക്കാരനായി വരുന്ന സഖാവിന്റെ റോളാണ് അദ്ദേഹം ജീവിതത്തിലും വഹിച്ചിരുന്നത്. അന്നു സി.പി.എം വിരുധാചലം ജില്ലാ സെക്രട്ടറിയായിരുന്നു ബാലകൃഷ്ണന്‍. പ്രശ്‌നത്തില്‍ പോലീസിനെതിരെ കേസിന് പോകാമെന്ന് രാജാക്കണ്ണിന്റെ ഭാര്യയോട് നേരിട്ട് പറയുന്നതും അദ്ദേഹമാണ്. തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നതോടെയാണ് പാര്‍ട്ടി ഇടപെട്ട് ചന്ദ്രുവിനെ വക്കീലായി ലഭ്യമാക്കിയിരുന്നത്.

ഇതു പോലെ ഈ വിഷയത്തില്‍ ഇടപെട്ട മറ്റു മൂന്നുപേര്‍ കൂടിയുണ്ട്. ഇതില്‍ മറ്റൊരാള്‍ സി.പി.എം കമ്മപുരം താലൂക്ക് കമ്മിറ്റി അംഗമായ ഗോവിന്ദനാണ്. അദ്ദേഹമാണ് ഈ വിഷയത്തില്‍ ആദ്യമായി പ്രതിഷേധ കൊടി ഉയര്‍ത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങള്‍ വന്നിട്ടും പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറാന്‍ ഈ കമ്യൂണിസ്റ്റ് തയ്യാറായിരുന്നില്ല.

തുടര്‍ന്നുണ്ടായ ശാരീരികമായ ആക്രമണങ്ങളെയും വധഭീഷണികളെയും അവഗണിച്ചുകൊണ്ടാണ് രാജാക്കണ്ണിന്റെ കുടുംബത്തിനു വേണ്ടി ഗോവിന്ദനും നിലകൊണ്ടിരുന്നത്. ഈ കേസ് അവസാനിക്കുന്നതുവരെയും സ്വന്തമായി കുടുംബം പോലും വേണ്ടെന്ന് വച്ച ഗോവിന്ദന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിവാഹം പോലും കഴിച്ചിരുന്നത്. സിപിഎം കമ്മപുരം താലൂക്കിന്റെ സെക്രട്ടറിയായ രാജ് മോഹനും രാജാക്കണ്ണ് സംഭവത്തില്‍ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്.

പോലീസ് സ്റ്റേഷന് മുന്നിലടക്കം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതും രാജ് മോഹന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. സിനിമയില്‍ വരുന്ന ടീച്ചര്‍ കഥാപാത്രവും യാഥാര്‍ത്ഥ ജീവിതത്തിലും ഉണ്ട്. അതും നാം അറിയുക തന്നെ വേണം. നിരക്ഷരരായ ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സിപിഎം തമിഴകത്ത് തുടക്കം കുറിച്ച പ്രസ്ഥാനമാണ് ‘അറിവൊളി ഇയക്കം” ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി കമ്മപുരത്തിലെ ആദിവാസികളെ പഠിപ്പിക്കാനെത്തിയ ടീച്ചറുടെ വേഷമാണ് സിനിമയില്‍ രജിഷ വിജയന്‍ ചെയ്തിരിക്കുന്നത്.

ഈ കഥാപാത്രവും സിനിമക്കായി സൃഷ്ടിക്കപ്പെട്ട ഒന്നല്ലന്നു വ്യക്തം. എഴുത്തും വായനയും അറിയാത്ത ആദിവാസികളെ പഠിപ്പിക്കാനായി സി.പി.എം കമ്മപുരത്തേക്കയച്ച ഈ ടീച്ചറും കേസുമായി ബന്ധപ്പെട്ട് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. സംസ്ഥാനത്തുടനീളം ‘അറിവൊളി ഇയക്കം’ പ്രസ്ഥാനത്തിലൂടെ ലക്ഷക്കണക്കിന് നിരക്ഷരരെ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചുനല്‍കിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഇപ്പോഴും ‘തമിഴ്‌നാട് സയന്‍സ് ഫ്രണ്ട് ” എന്ന പേരില്‍ ഈ പ്രസ്ഥാനം സജീവമായി തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ജയ് ഭീം സിനിമ പുറത്തിറങ്ങിയതോടെ ഇരുളരുടെ ഇരുണ്ടകാല ജീവിതം മാത്രമല്ല ചെങ്കൊടി പ്രസ്ഥാനത്തിന്റെ മഹത്വം കൂടിയാണ് വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്. സൂര്യ എന്ന സൂപ്പര്‍ താരത്തിന്റെ താരമൂല്യം സിനിമയെ മറ്റൊരു തലത്തിലേക്ക് തന്നെയാണ് എത്തിച്ചിരിക്കുന്നത്.ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രമുഖ നിരൂപകരും സിനിമയെ വലിയ രൂപത്തിലാണ് പ്രശംസിച്ചിരിക്കുന്നത്.

ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിനു വേണ്ടി പോരാടാന്‍ അധികാരത്തിലിരിക്കേണ്ട കാര്യമില്ലന്ന സന്ദേശം കൂടിയാണ് ഈ സംഭവം രാജ്യത്തിനു നല്‍കിയിരിക്കുന്നത്. ദ്രാവിഡ പാര്‍ട്ടികള്‍ അടക്കിവാഴുന്ന തമിഴകത്തിന്റെ മണ്ണിലാണ് ഇടപെടലുകളിലൂടെ കമ്യൂണിസ്റ്റുകള്‍ വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെയാണ് ‘ചുവപ്പ് ഒരു തരിമതി’ എന്ന വാക്കിനും പ്രസക്തി വര്‍ദ്ധിക്കുന്നത്.

EXPRESS KERALA VIEW

Top