jaguar-f-pace launch-in-india

ടാറ്റ മോട്ടോഴ്‌സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറി(ജെ എല്‍ ആര്‍)ല്‍ നിന്നുള്ള ആദ്യ പെര്‍ഫോമന്‍സ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എഫ് പേസി’ന്റെ വില പ്രഖ്യാപിച്ചു.

ഡല്‍ഹി ഷോറൂമില്‍ 68.40 ലക്ഷം രൂപ മുതലാണ് ‘എഫ് പേസി’നു വില. ഓണ്‍ലൈന്‍ വഴിയും രാജ്യത്തെ 23 ജെ എല്‍ ആര്‍ ഡീലര്‍ഷിപ്പുകള്‍ വഴിയും ‘എഫ് പേസ്’ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

വിവിധ എന്‍ജിന്‍ സാധ്യതകളോടെ വില്‍പ്പനയ്‌ക്കെത്തുന്ന ‘എഫ് പേസ്’ വകഭേദങ്ങളുടെ ഡല്‍ഹി ഷോറൂമിലെ വില(ലക്ഷം രൂപയില്‍): രണ്ടു ലീറ്റര്‍ (132 കിലോവാട്ട്) ഡീസല്‍ പ്യുവര്‍ — 68.40, രണ്ടു ലീറ്റര്‍ (132 കിലോവാട്ട്) ഡീസല്‍ പ്രസ്റ്റീജ് — 74.50, മൂന്നു ലീറ്റര്‍ (221 കിലോവാട്ട്) ഡീസല്‍ ആര്‍ — സ്‌പോര്‍ട് — 102.35 ലക്ഷം, മൂന്നു ലീറ്റര്‍ (221 കിലോവാട്ട്) ഡീസല്‍ ഫസ്റ്റ് എഡീഷന്‍ — 112.55 ലക്ഷം.

ഒക്ടോബര്‍ 20ന് ആണ് ‘എഫ് പേസ്’ വില്‍പ്പനയ്‌ക്കെത്തുന്നത്. ജഗ്വാറില്‍ നിന്നുള്ള ആദ്യ പെര്‍ഫോമന്‍സ് എസ് യു വിക്കു വിപണിയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ജെനിയം ഡീസല്‍, മൂന്നു ലീറ്റര്‍ വി സിക്‌സ് ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുകളോടെയാണു കാര്‍ എത്തുക.

ശേഷിയേറിയ എന്‍ജിന് 221 കിലോവാട്ട് വരെ കരുത്തും 700 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. ശേഷി കുറഞ്ഞ എന്‍ജിനാവട്ടെ 132 കിലോവാട്ട് വരെ കരുത്ത് സൃഷ്ടിക്കാനാവും. മൂന്നു ലീറ്റര്‍ എന്‍ജിന് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.2 സെക്കന്‍ഡ്.

‘എഫ് ടൈപ്പി’ല്‍ നിന്നു പ്രചോദിതമായി രൂപകല്‍പ്പന ചെയ്ത ‘എഫ് പേസി’ന്റെ അകത്തളത്തില്‍ 10 നിറങ്ങളുടെ സാധ്യതയോടെ ഇന്റീരിയര്‍ മൂഡ് ലൈറ്റിങ്ങും ജഗ്വാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആംഗ്യങ്ങള്‍ തിരിച്ചറിഞ്ഞു തുറക്കുന്ന ടെയില്‍ഗേറ്റാണു കാറിലെ മറ്റൊരു സവിശേഷത; രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള മോഡലില്‍ ഓപ്ഷന്‍ വ്യവസ്ഥയിലും മൂന്നു ലീറ്റര്‍ എന്‍ജിനുള്ള കാറുകളില്‍ സ്റ്റാന്‍ഡേഡ് വ്യവസ്ഥയിലും ജസ്റ്റര്‍ ടെയില്‍ഗേറ്റ് ലഭിക്കും.

‘എഫ് പേസി’ലെ പിന്‍ ഫ്‌ളാങ്കിനു താഴെ കാല്‍ വച്ചാല്‍ തന്നെ തുറക്കുന്ന രീതിയിലാണ് ഈ ടെയില്‍ഗേറ്റിന്റെ രൂപകല്‍പ്പന. ‘സി എക്‌സ് — 17’ കണ്‍സപ്റ്റില്‍ നിന്നു പ്രചോദിതമാണ് ‘എഫ് പേസ് ഫസ്റ്റ് എഡീഷന്‍’.

മൂന്നു ലീറ്റര്‍ എന്‍ജിനോടെ വില്‍പ്പനയ്ക്കുള്ള കാര്‍ സ്റ്റണ്ണിങ് സീഷ്യം ബ്ലൂ, റീഗല്‍ ഹാലികോണ്‍ ഗോള്‍ഡ് നിറങ്ങളിലാണു ലഭിക്കുക. കൂടാതെ റോഡിയം സില്‍വര്‍, അള്‍ട്ടിമേറ്റ് ബ്ലാക്ക് നിറങ്ങളിലും ഫസ്റ്റ് എഡീഷന്‍ വില്‍പ്പനയ്ക്കുണ്ടാവും.

Top