ഈശ്വരന്‍പോറ്റിയായി ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍

ലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് സിനിമാ പ്രേഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ”കബീറിന്റെ ദിവസങ്ങള്‍” എന്ന ചിത്രത്തിലൂടെയാണ് ജഗതി വെള്ളിത്തിരയില്‍ എത്തുന്നതെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈശ്വരന്‍പോറ്റിയെന്ന ക്ഷേത്രതന്ത്രിയായിട്ടാണ് ജഗതി അഭിനയിക്കുന്നത്.ജഗതിയുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി ഏറെ സമാനതകളുള്ള കഥാപാത്രമാണ് ഈശ്വരന്‍പോറ്റി. അപകടത്തില്‍ വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ആളാണ് ജഗതിയുടെ ഈശ്വരന്‍പോറ്റി എന്ന കഥാപാത്രം.

ശരത് ചന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ശ്രീകുമാര്‍.പി.കെ. മനീഷ് ഭാര്‍ഗ്ഗവന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനും അല്‍ഫോണ്‍സ് ജോസഫും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം ഉദയന്‍ അമ്പാടിയാണ്.

സയ ഡേവിഡ്, മുരളിചന്ദ്, ഭരത്, ആദിയപ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, പത്മരാജന്‍ രതീഷ്, നോബി, താരാകല്യാണ്‍, സോനാ നായര്‍, ദിനേശ് പണിക്കര്‍, കലാഭവന്‍ ഹനീഫ്, കൊച്ചുപ്രേമന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, അസീസ്, കോട്ടയം പ്രദീപ്, ജിലു ജോസഫ്, അംബികാ മോഹന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചന്ദ്ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ ശരത്ചന്ദ്രനും ശൈലജ ശരതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top