ആന്ധ്ര തൂത്തുവാരി ജഗന്റെ മുന്നേറ്റം, മമ്മുട്ടിയുടെ ‘യാത്ര’യും സഹായകരമായി

ന്ധ്ര പുതിയ ചരിത്രം രചിക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെ തകര്‍ത്തെറിഞ്ഞ് വലിയ മുന്നേറ്റമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് ഇവിടെ നടത്തുന്നത്. ലോക്‌സഭ സീറ്റുകളില്‍ മാത്രമല്ല നിയമസഭ സീറ്റുകളിലും ഈ തരംഗം വ്യക്തമാണ്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇനി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വീട്ടിലിരിക്കാം. പ്രധാനമന്ത്രിയെ സൃഷ്ടിക്കാന്‍ ഓടി നടന്ന നേതാവിന്റെ കസേരയാണിപ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ കടപുഴകി വീഴുന്നത്.

തെലുങ്ക് മണ്ണില്‍ വലിയ തിരിച്ചടിയാണ് തെലങ്കുദേശം പാര്‍ട്ടി നേരിടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്.

കഴിഞ്ഞ തവണ ബി.ജെ.പി സഖ്യത്തില്‍ മത്സരിച്ച് ആന്ധ്ര ഭരണം പിടിക്കുവാനും ഭൂരിപക്ഷം ലോക്‌സഭ സീറ്റുകളില്‍ വിജയിക്കാനും തെലങ്കുദേശത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചരിത്രം വഴി മാറിയതോടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ ഉദയത്തിനാണ് തെലങ്ക് മണ്ണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗന്‍ മോഹന്‍ റെഡ്ഡി.ആന്ധ്രയിലെ ജനവിധി മാറ്റി എഴുതുന്നതില്‍ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനുള്ള പങ്കും വളരെ വലുതാണ്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ കുതിപ്പിനു പിന്നില്‍ മമ്മുട്ടിയുടെ ‘യാത്ര’ ഒരുക്കിയ തരംഗവും ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് മമ്മുട്ടി അഭിനയിച്ച തെലുങ്ക് സിനിമ യാത്ര റിലീസ് ചെയ്തത്. വലിയ ആവേശത്തോടെയാണ് ഈ സിനിമ ആന്ധ്രയിലെ ജനത ഏറ്റെടുത്തിരുന്നത്.

സിനിമാ നിര്‍മാണത്തിന് പിന്നിലെ അദൃശ്യ കരം ജഗന്റേത് തന്നെയായായിരുന്നു. തെലുങ്ക് മണ്ണില്‍ സിനിമകള്‍ ജനങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ശക്തി തിരിച്ചറിഞ്ഞായിരുന്നു ഈ പരീക്ഷണം.

യാത്രയുടെ ടീസര്‍ തന്നെ വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. മാസ് ഡയലോഗോടെ രാജശേഖര റെഡ്ഢിയായി മമ്മുട്ടി അവതരിച്ചപ്പോള്‍ കയ്യടിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണത്തില്‍ വ്യാപകമായാണ് ‘യാത്ര’ സിനിമ ഉപയോഗപ്പെടുത്തിയിരുന്നത്.

ആന്ധ്രയെ ഉഴുതുമറിച്ച് വൈ.എസ്.രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയെ അനുസ്മരിച്ചാണ് സിനിമക്ക് ‘യാത്ര’ എന്ന് പേരിട്ടിരുന്നത്. ആന്ധ്രയിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായാണ് വൈ.എസ്.ആര്‍ വിലയിരുത്തപ്പെടുന്നത്.

വൈ.എസ്.ആര്‍ ജീവിച്ചിരുന്നുവെങ്കില്‍ ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം ഉണ്ടാകില്ലെന്ന് വരെ രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വൈ.എസ്.ആറിനെ ഒരു നോക്ക് കാണാന്‍ ലക്ഷങ്ങള്‍ ആണ് ഗ്രാമങ്ങളില്‍ നിന്നും ഒഴുകി എത്തിയിരുന്നത്.

വൈ.എസ്.ആറിന്റെ മരണശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങിയ ബിസിനസ്സുകാരനായ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പിന്നീട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പുകച്ച് പുറത്തുചാടിച്ചു. അധികാര തര്‍ക്കം തന്നെയായിരുന്നു ഈ നടപടിക്ക് പിന്നില്‍.

എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെയാകെ ഞെട്ടിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ആന്ധ്രയിലെ വലിയ മാധ്യമ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജഗന്‍ മോഹന്‍ റെഡ്ഡി വളരെ പെട്ടന്നാണ് ശക്തനായ രാഷ്ട്രിയ നേതാവായി ഇവിടെ ഉയര്‍ന്ന് വന്നത്. നിലവില്‍ ആന്ധ്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഭയന്നാണ് പ്രാദേശികവാദം പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ തെലുങ്കുദേശം പാര്‍ട്ടി പിന്‍വലിച്ചിരുന്നത്.

ആന്ധ്രയെ കേന്ദ്ര സര്‍ക്കാര്‍ ‘അവഗണിക്കുന്നതില്‍’ പ്രതിഷേധിച്ച് എന്‍.ഡി.എ വിടുന്നൂ എന്നായിരുന്നു ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നത്.ജഗന്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത് തടയുക, ലോക്സഭ തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതായിരുന്നു തെലുങ്ക് ദേശത്തിന്റെ തന്ത്രം.

പ്രാദേശിക വികാരം ആളിക്കത്തിക്കാല്‍ ഡല്‍ഹിയിലേക്ക് ട്രെയിനില്‍ ആളെ കൊണ്ട് പോയി ചന്ദ്രബാബു നായിഡു മാര്‍ച്ചും നടത്തുകയുണ്ടായി. ഈ തന്ത്രങ്ങളെയെല്ലാം മറികടക്കാന്‍ ജഗന്‍ മോഹന്‍ അണിയറയില്‍ നടത്തിയ കരുനീക്കമായിരുന്നു വൈ.എസ്.ആറിനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമ.

മമ്മുട്ടിയെ തന്നെ പിതാവിന്റെ വേഷം അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതും ജഗനായിരുന്നു. സിനിമയിലെ ‘യാത്ര’യില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപകമായി പങ്കെടുത്തിരുന്നു.

വന്‍ ബജറ്റില്‍ ഒരുക്കിയ സിനിമ മഹി വി രാഘവ് ആണ് സംവിധാനം ചെയ്തിരുന്നത്. 1999 മുതല്‍ 2004 കാലഘട്ടം വരെയുള്ള വൈ.എസ്.ആറിന്റെ ജീവത കഥയാണ് ‘യാത്ര’ പറഞ്ഞത്.

2004-ല്‍ കോണ്‍ഗ്രസ്സിനെ വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ച പദയാത്ര ആന്ധ്ര രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടു തവണ വൈ.എസ്.ആര്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.

വൈ.എസ്.ആര്‍ ആയി വെള്ളിത്തിരയിലെത്തിയ മമ്മുട്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. ഭരണഘടനാ ശില്പി അംബേദ്ക്കറുടെ റോളില്‍ തകര്‍ത്തഭിനയിച്ച് ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച മെഗാസ്റ്റാര്‍, വീണ്ടും ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച് ആന്ധ്ര രാഷ്ട്രീയത്തേയും ഇപ്പോള്‍ മാറ്റി മറിച്ചിരിക്കുകയാണ്.

Express Kerala view

Top