കോണ്‍ഗ്രസിനോട് ക്ഷമിച്ചു, ആരോടും പരാതി ഇല്ല: ജഗന്‍ മോഹന്‍ റെഡ്ഢി

ന്യൂഡല്‍ഹി: ആരോടും ഒരു പരാതിയോ പ്രതികാരത്തിനോ ഇല്ലെന്നും കോണ്‍ഗ്രസിനോട് താന്‍ ക്ഷമിച്ചെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഢി. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുകയും ദിനംപ്രതി ബൈബിള്‍ വായിക്കുകയും ചെയ്യുന്നയാളാണെന്നും ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തന്റെ സംസ്ഥാനത്തിനാണ് ഞാന്‍ മുന്‍ഗണ നല്‍കുന്നത്. ആന്ധ്രക്ക് പ്രത്യക പദവി ലഭ്യമാക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെ ബിജെപിയേയും സംസ്ഥാനം ഭരിക്കുന്ന ടിഡിപിയേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്ന് മോദിയും ബിജെപിയും പിന്‍മാറി. ടിഡിപിയും ബിജെപിയും ചേര്‍ന്ന് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. മോദിയും ചന്ദ്രബാബു നായിഡുവും കള്ളംപറഞ്ഞ് അധികാരത്തില്‍ കയറിയവരാണെന്നും അദ്ദേഹം ആരോപിച്ചു.

ആന്ധ്രപ്രദേശ് വിഭജിച്ച യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2010ലാണ് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് തന്റെ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗന്‍ ആരോപിച്ചിരുന്നു.

Top