ആഭ്യന്തര മന്ത്രിയായി ദളിത് വനിത; ചരിത്രം കുറിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

അമരാവതി: ആഭ്യന്തര മന്ത്രിയായി ദളിത് വനിതയെ നിയമിച്ച് ചരിത്രം കുറിച്ച് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച്‌ഞെട്ടിച്ചതിന് പിന്നാലെയാണ് ജഗന്‍ മോഹന്റെ പുതിയ നടപടി. പ്രതിപടു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മേകതോടി സുചരിതയാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുചരിത ഉള്‍പ്പടെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്ത് തന്നെ ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഉപമുഖ്യമന്ത്രിമാര്‍.

നിയമസഭയില്‍ 175 സീറ്റില്‍ 151 സീറ്റുകളിലും വിജയിച്ചാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരം നേടിയത്. തെലുങ്കുദേശം പാര്‍ട്ടിയുടെ കോട്ടയായിരുന്ന ആന്ധ്രയില്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചാണ് ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡി കോണ്‍ഗ്രസിനുവേണ്ടി ഭരണം പിടിച്ചിരുന്നത്.

Top