നായിഡുവിന് ‘പോയി’ ജഗ് മോഹന്‍ റെഡ്ഡി ബിജെപി പാളയത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

Jagan Mohan Reddy

ഹൈദരാബാദ്: അന്തരിച്ച കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റി അംഗവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖരറെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ബി.ജെ.പിയോട് അടുക്കുന്നു.

നിലവില്‍ ആന്ധ്രയിലെ പ്രതിപക്ഷനേതാവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനുമാണ് ജഗന്‍ മോഹന്‍ റെഡ്ഡി. ഇദ്ദേഹവുമായി ബി.ജെ.പി ദേശീയ നേതൃത്വം ആശയവിനിമയം തുടങ്ങിയിട്ടുണ്ട്.

തെലുങ്കുദേശം എന്‍.ഡി.എ മുന്നണി വിടുകയാണെങ്കില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിനെ ബി.ജെ.പി കൂടെ കൂട്ടാനാണ് നീക്കമെന്ന് നേരത്തെ Express kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും മകനുമെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നിന്ന് ‘രക്ഷ’പ്പെടുന്നതിന് വേണ്ടി കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ നീക്കമായാണ് തെലുങ്കുദേശത്തിന്റെ പിന്‍മാറ്റത്തെ ബി.ജെ.പി ദേശീയ നേതൃത്വം കാണുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ രോഷാകുലരാണ്. ഇതു സംബന്ധമായി ലഭിച്ച കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

തെലുങ്കുദേശം മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്നതിനു മുന്‍പ് തന്നെ സംസ്ഥാന മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ രാജി വയ്പിച്ച് ബി.ജെ.പിയും ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചിരുന്നു.

തെലുങ്കുദേശമില്ലങ്കിലും അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ നിന്നുള്ള ഭൂരിപക്ഷ എം.പിമാരും മോദിക്ക് വേണ്ടി ലോക്‌സഭയില്‍ കൈകള്‍ ഉയര്‍ത്താന്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്.

ഇനി ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ഭരണം പിടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാണ് ഈ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് ആന്ധ്രക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം തളളിക്കളഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സുമായി ധാരണയിലെത്തിയാല്‍ ആന്ധ്രയ്ക്ക് കൂടുതല്‍ സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍Related posts

Back to top