ജഗന്‍ മോഹന്‍ നരേന്ദ്ര മോദിയെ കണ്ടു; ആന്ധ്രയ്ക്ക് പ്രത്യേകപദവി വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആന്ധ്രയുടെ നിയുക്ത മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്നും 30000കോടി രൂപയുടെ ബില്ലുകള്‍ ഉടനടി തീര്‍പ്പാക്കണമെന്നും ജഗന്‍ മേദിയോട് ആവശ്യപ്പെട്ടു. കൂടാതെ ആന്ധ്രയിലെ നിലവിലെ സാമ്പത്തിക സ്ഥിതിയെപ്പറ്റി പ്രധാനമന്ത്രിയെ അറിയിക്കുകയും, ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ കാലതാമസമെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സംസ്ഥാന പുനസംഘട നിയമം നടപ്പാക്കണമെന്നും ജഗന്‍ ആവശ്യപ്പെട്ടു. കൂടാതെ കടപ്പ സ്റ്റീല്‍ പ്ലാന്റ്,വിശാഖ പട്ടണം വിജയവാഡ അതിവേഗ റെയില്‍ പദ്ധതി എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള നിവേദനവും ജഗന്‍ പ്രധാനമന്ത്രിക്ക് നല്‍കി. ഒപ്പം പ്രധാനമന്ത്രിയെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുകയു ചെയ്തു.

ഇന്ത്യയില്‍ മുഴുവന്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയാണ് കൊടുങ്കാറ്റായി മാറിയത്. 175 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്.

Top