ജയലളിത തമിഴകത്തെ വിറപ്പിച്ചതിന് സമാനമായി ആന്ധ്രയെ വിറപ്പിച്ച് ജഗന്‍ . . .

കയുടെ രാഷ്ട്രീയം പയറ്റി രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച നേതാവാണ് അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത. രാഷ്ട്രീയ പ്രതിയോഗിയും ഡി.എം.കെ സ്ഥാപകനുമായ കരുണാനിധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ആ പക കണ്ട് സകലരും അമ്പരന്നിരുന്നു.

നിയമസഭയില്‍ ഡി.എം.കെ ഭരണകാലത്ത് നടന്ന വസ്ത്രാക്ഷേപത്തിനുള്ള മറുപടി കരുണാനിധിയെ അടിവസ്ത്രത്തില്‍ ജയിലിലടച്ചാണ് അവര്‍ തീര്‍ത്തത്. രാജ്യം മുഴുവന്‍ സെന്‍സേഷനായ ഈ സംഭവം 2001 മുതല്‍ ജയലളിതക്ക് ഉരുക്കു വനിത എന്ന ഇമേജ് സൃഷ്ടിക്കാനും കാരണമായിരുന്നു. ജയലളിതയുടെ വഴിയേ ആണിപ്പോള്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഢിയും പോകുന്നത്.

രാഷ്ട്രീയ എതിരാളിയായ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും തെലങ്കുദേശത്തെയും പൂര്‍ണമായും തൂത്തെറിയുകയാണ് ലക്ഷ്യം. എട്ടുകോടി രൂപ ചിലവിട്ട് ചന്ദ്രബാബു നായിഡു പണിത കെട്ടിടം പൊളിച്ചടുക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയും പൊളിക്കാനാണ് ഇപ്പോഴത്തെ നീക്കം. അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയാല്‍ നായിഡുവിന്റെ ഈ വീടും പൊളിച്ചുനീക്കുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ വിജയസായ് റെഡ്ഢി വ്യക്തമാക്കി കഴിഞ്ഞു.

എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയില്‍ നിന്നും ലീസിനെടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്നത്. ഈ കൂറ്റന്‍ വീട് നിര്‍മ്മിച്ചത് തന്നെ നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോപണം. നിലവില്‍ ഈ കെട്ടിടത്തെ ചൊല്ലി കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. നിയമ നടപടികള്‍ വേഗത്തിലാക്കി വീട് പൊളിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നത്.

എട്ടു കോടി രൂപ ചിലവഴിച്ച് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ പണിത പ്രജാവേദിക കെട്ടിടം പൊളിച്ചുനീക്കിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ഈ പുതിയ നീക്കം. തെലുങ്കുദേശം അണികളെയും നേതാക്കളെയും ജഗന്‍മോഹന്റെ പക പരിഭ്രാന്തരാക്കിയിട്ടുണ്ട്.

ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ശക്തമായ അഴിച്ചുപണി നടത്തി കര്‍ക്കശ നടപടികള്‍ക്കാണ് ജഗന്‍മോഹന്‍ തുടക്കമിട്ടിരിക്കുന്നത്. പൊലീസിനും മറ്റു സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്കും കര്‍ശന നടപടികളുമായി മുന്നോട്ട് പോവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചന്ദ്രബാബു നായിഡു സര്‍ക്കാറിന്റെ കാലത്ത് അഴിമതി നടത്തിയ സകലരും അകത്താകുമെന്ന ഭയത്തിലാണിപ്പോള്‍. രാജ്യസഭ അംഗങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറിയതും ചന്ദ്രബാബു നായിഡുവിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും ദേശീയ രാഷ്ട്രീയം നിയന്ത്രിച്ച ഈ കിംഗ് മേക്കറിപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്.

ജഗന്‍മോഹന്‍ റെഡ്ഢിയാവട്ടെ ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. ലോക്‌സഭ- നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ആന്ധ്ര തൂത്തുവാരാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് നേടിയതാണ് ഈ മിന്നുന്ന വിജയം. കോണ്‍ഗ്രസ്സിനോടും ബി.ജെ.പിയോടും തുല്യ അകലം പാലിക്കുന്നതിലും ജഗന്‍ ഇപ്പോള്‍ ജാഗ്രത കാട്ടുന്നുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനായി സമ്മര്‍ദ്ദങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതു സംബന്ധമായി ആന്ധ്രയുടെ ആശങ്ക ജഗന്‍മോഹന്‍ റെഡ്ഢി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് ബദലായി മുഖ്യ പ്രതിപക്ഷമായി വരാനാണ് ബി.ജെ.പി ഇവിടെ ശ്രമിക്കുന്നത്. തെലങ്കുദേശത്തിന്റെ അടിത്തറ ജഗന്‍ ഭരണകൂടം തന്നെ തകര്‍ക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. സി.ബി.ഐ അന്വേഷണത്തിനുള്ള വിലക്ക് ജഗന്‍ ഭരണകൂടം എടുത്ത് കളഞ്ഞത് ഉപയോഗപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വേണമെന്ന തെലങ്കുദേശം സര്‍ക്കാറിന്റെ ഉത്തരവാണ് ജഗന്‍ റദ്ദാക്കിയത്.

ചന്ദ്രബാബു നായിഡുവിനെ കേന്ദ്ര ഏജന്‍സിയെ വച്ച് പൂട്ടാനാണ് ഈ നടപടിയെന്നാണ് സൂചന. നായിഡു സര്‍ക്കാര്‍ കാലത്ത് നടന്ന ഇടപാടുകളിലും മറ്റും ഇനി സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍കം ടാക്‌സ് വിഭാഗങ്ങള്‍ പിടിമുറുക്കുമെന്നാണ് സൂചന. ഏറ്റവും അധികം കാലം ആന്ധ്ര ഭരിക്കുന്ന മുഖ്യമന്ത്രി എന്ന റെക്കോര്‍ഡ് സ്വന്തമാക്കണമെന്നതാണ് ജഗന്റെ വലിയ ആഗ്രഹം.

ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ ശത്രുവായ തെലങ്കാന മുഖ്യമന്തി ചന്ദ്രശേഖര റാവുവുമായും നല്ല ബന്ധമാണ് ജഗന്‍മോഹന്‍ റെഡ്ഢി പുലര്‍ത്തുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലകളില്‍ ഒരുമിച്ച് നില്‍ക്കാന്‍ തന്നെയാണ് തീരുമാനം.

തന്റെ പിതാവായ വൈ.എസ് രാജശേഖര റെഡ്ഢി ജീവിച്ചിരുന്നു എങ്കില്‍ ഒരിക്കലും ആന്ധ്ര വിഭജിക്കപ്പെടില്ലായിരുന്നു എന്നാണ് ജഗന്‍ വിശ്വസിക്കുന്നത്. പിതാവിന്റെ മരണശേഷം കോണ്‍ഗ്രസ്സ് നേതൃത്വം ഇറക്കിവിട്ട പകയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തിന് ജഗനെ പ്രേരിപ്പിച്ചിരുന്നത്. ഇപ്പോള്‍ പിതാവിനെ പോലെ തന്നെ ആന്ധ്രയിലെ കരുത്തനായ മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഢിയും മാറി കഴിഞ്ഞിരിക്കുന്നു.

ജഗനെയും അമ്മയെയും ഇറക്കിവിട്ട സോണിയാ ഗാന്ധിയുടെ വസതിയാകട്ടെ ഇന്ന് ശോകമൂകമാണ്. ഒരു അദ്ധ്യക്ഷനെ പോലും തിരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. ഇതിനേക്കാള്‍ വലിയ ഒരു ഗതികേട് ഒരു പാര്‍ട്ടിക്കും ഉണ്ടാകില്ല. അതൊരു യാഥാര്‍ഥ്യവുമാണ്.

Political Reporter

Top