പ്രതിപക്ഷത്തെ ഞെട്ടിച്ച് വൈ.എസ്.ആർ കോൺഗ്രസ്സ്, ബി.ജെ.പിക്ക് വീണ്ടും പിന്തുണ നൽകി ജഗൻ !

മൂന്നാംമതും ഒരു മോദി സർക്കാർ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും ആ സർക്കാറിൽ വൈ.എസ്.ആർ കോൺഗ്രസ്റ്റും അംഗമായിരിക്കും. എൻ.ഡി.എ മുന്നണിയിൽ ഇല്ലങ്കിലും കേന്ദ്ര സർക്കാറിനെ നിർണ്ണായക ഘട്ടങ്ങളിലെല്ലാം സഹായിച്ച ചരിത്രമാണ് വൈ.എസ്.ആർ കോൺഗ്രസ്സിനുള്ളത്. ഏറ്റവും ഒടുവിൽ ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ പാർലമെന്റില്‍ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി തീരുമാനിച്ചു കഴിഞ്ഞു.

മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിർണ്ണായക തീരുമാനവും പ്രതിപക്ഷ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ് എടുത്തിട്ടുണ്ട്. ഈ രണ്ടു വിഷയങ്ങളിലും തങ്ങൾ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് വൈഎസ്ആർ കോൺഗ്രസ് നേതാവ് വി.വിജയസായി റെഡ്ഡി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യസഭയിൽ ഒൻപത് അംഗങ്ങളും ലോക്‌സഭയിൽ 22 അംഗങ്ങളുമുള്ള വൈഎസ്ആർ കോൺഗ്രസ് പല നിർണായക ബില്ലുകളിലും സർക്കാരിനെ പിന്തുണച്ചത് നിരുപാധികമാണ്.

വൈഎസ്ആർ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ച സ്ഥിതിക്ക് സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ വിവാദമായ ഡൽഹി ബില്‍ പാസാക്കാൻ ഇനി എളുപ്പമാണ്. കെജരിവാൾ സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണ് പുതിയ ബിൽ. ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്ര സർക്കാർ മേയ് 19നു പ്രത്യേക ഓർഡിനൻസ് കൊണ്ടുവന്നിരിക്കുന്നത്.

പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നുമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നത്.

ഈ വിധി വന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് കേന്ദ്രം പ്രത്യേക ഓർഡിനൻസ് കൊണ്ടുവന്നിരിക്കുന്നത്. ഈ ഓർഡിനൻസ് പാസാകുന്നതോടെ വൈ.എസ്.ആർ കോൺഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. ഭാവിയിൽ അതൊരു തിരഞ്ഞെടുപ്പ് സഖ്യത്തിൽ വരെ എത്തിയേക്കും.

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഇപ്പോഴത്തെ നീക്കം പ്രതിപക്ഷ മഹാസഖ്യത്തിന് വലിയ തിരിച്ചടിയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷ വച്ചു പുലർത്തുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനം കർണ്ണാടകയാണ്. ഇത്തവണ തെലങ്കാനയിൽ നിന്നും കുറച്ചു സീറ്റുകളും അവർ പ്രതീക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ആന്ധ്രയിൽ നിന്നും വൈ.എസ്.ആർ. കോൺഗ്രസ്സിന്റെ കൂടി പിന്തുണയാകുമ്പോൾ ദക്ഷിണേന്ത്യയിലും നില ഭദ്രമാക്കാൻ ബി.ജെ.പിക്കു കഴിയും.

അതുപോലെ തന്നെ ഒറീസയിലെ ബിജു ജനതാദളിലും ബി.ജെ.പിക്കു പ്രതീക്ഷയുണ്ട്. ഈ പാർട്ടിയും പലഘട്ടങ്ങളിലും കേന്ദ്ര സർക്കാറിനെ സഹായിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ അജിത് പവാറിലൂടെ എൻ.സി.പിയെ പിളർത്തിയ ബി.ജെ.പി അവശേഷിക്കുന്ന എൻ.സി.പി വിഭാഗവും താമസിയാതെ തന്നെ അജിത് പവാറിനൊപ്പം പോകുമെന്ന കണക്കു കൂട്ടലിലാണ് ഉള്ളത്. യുപിയിൽ മായാവതിയുടെ ബി.എസ്.പിയും ബി.ജെ.പിയുമായാണ് ധാരണയ്ക്കു ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇതെല്ലാം പരിശോധിക്കുമ്പോൾ പ്രതിപക്ഷ മഹാസഖ്യമെന്നത് നനഞ്ഞ പടക്കമായി മാറുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ ഉയർത്തുന്നത്. ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ എൻ.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ പോലും പ്രതിപക്ഷ മഹാസഖ്യത്തിലെ പല പാർട്ടികളും കളം മാറ്റി ചവിട്ടി ബി.ജെ.പി പാളയത്തിൽ എത്തുവാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

EXPRESS KERALA VIEW

Top