അമ്പിളിയുടെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ച് ജാഫര്‍ ഇടുക്കി

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സൗബിന്‍ ചിത്രമാണ് അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായാണ് ‘അമ്പിളി’ ആഗസ്റ്റ് ഒമ്പതിന് റിലീസിനൊരുങ്ങുന്നത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാഫര്‍ ഇടുക്കി. ഒരു പട്ടാളക്കാരന്റെ മകനായ ഭിന്നശേഷിക്കാരനായ ഒരു കഥാപാത്രമാണ് അമ്പിളി. ആ അമ്പിളിയുടെ അച്ഛന്റെ സുഹൃത്താണ് തന്റെ കഥാപാത്രമെന്നും തന്റെ നാടായ ഇടുക്കിയില്‍ ഷൂട്ട് ചെയ്തതു കൊണ്ട് മനസ്സു കൊണ്ട് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇടുക്കിയില്‍ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഈ സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അതൊക്കെ സിനിമ കണ്ട് മനസ്സിലാക്കേണ്ട സസ്‌പെന്‍സുകളാണെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ ജാക്‌സണല്ലെടാ’ എന്നു തുടങ്ങുന്ന ഗാനരംഗത്തെ സൗബിന്റെ പ്രകടനം ഇതിനോടകം പ്രേക്ഷകര്‍ ഒന്നങ്കം ഏറ്റെടുത്തിരുന്നു. ‘ഈ രംഗത്തിനു മുമ്പ് സൗബിനും ഞങ്ങളെല്ലാവരും ചേര്‍ന്നുള്ള ഒരു മീറ്റിങ് ആയിരുന്നു ഷൂട്ട് ചെയ്തത്. ആ സമയത്തൊന്നും ഈ രംഗത്തെക്കുറിച്ച് ഒരു ടെന്‍ഷനോ ആലോചനയോ അദ്ദേഹത്തിനില്ലായിരുന്നു. ഇത്ര വലിയൊരു രംഗം ഷൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ഒറ്റ ടേക്കില്‍ സൗബിന്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. ആ വലിയ കയറ്റത്തിലേക്ക് ഓടിച്ചെന്ന് ഡാന്‍സ് കളിച്ച് തിരികെ ഇറങ്ങി വന്ന് ഞങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ അദ്ദേഹം ശ്വാസം കിട്ടാതെ കിതയ്ക്കുകയായിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് സൗബിന്‍ ആ രംഗത്തില്‍ അഭിനയിച്ചത്. പുതുതലമുറയിലെ കുട്ടികളെല്ലാം അങ്ങനെ കഷ്ടപ്പെട്ട് അഭിനയിക്കുന്നവരാണ്.’ എന്ന് ജാഫര്‍ ഇടുക്കി പറയുന്നു.

ചിത്രത്തില്‍ അമ്പിളിയായാണ് സൗബിന്‍ എത്തുന്നത്. നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി. പുതുമുഖ താരം തന്‍വി റാം ആണ് നായിക.

Top